രണ്ടാമൂഴം കേസില്‍ മധ്യസ്ഥന്‍ വേണമെന്ന് സംവിധായകന്‍: കേസ് ഡിസംബര്‍ 7 ന് പരിഗണിക്കും
തിരക്കഥ തിരികെ ചോദിച്ച് എം.ടി. വാസുദേവൻ നായർ നൽകിയ ഹർജി കോഴിക്കോട് മുൻസിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകൻ നിലപാട് അറിയിച്ചത്.
രണ്ടാമൂഴം കേസില്‍ കോടതി മധ്യസ്ഥനെ വെക്കണമെന്ന് സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ. തിരക്കഥ തിരികെ ചോദിച്ച് എം.ടി. വാസുദേവൻ നായർ നൽകിയ ഹർജി കോഴിക്കോട് മുൻസിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകൻ നിലപാട് അറിയിച്ചത്. കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റി.
കരാർ ലംഘനം നടത്തിയതിനാൽ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് എം.ടി കോടതിയെ സമീപിച്ചത്. എർത്ത് & എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും, ശ്രീകുമാരൻ മേനോനുമായിരുന്നു എതിര്‍ കക്ഷികള്‍. കഴിഞ്ഞയാഴ്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കുകയും ചെയ്തു.
വീണ്ടും കേസ് കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം സംവിധായകൻ ശ്രീകുമാർ മേനോൻ ഉന്നയിച്ചത്. മധ്യസ്ഥന്‍ വേണമെന്ന പ്രതിഭാഗം ആവശ്യം കോടതിയിലുണ്ടായിരുന്ന എം.ടിയുടെ അഭിഭാഷകന്‍ എതിര്‍ത്തില്ല എന്നത് ശ്രദ്ധേയമാണ്.
സിനിമയുടെ പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണെന്നും കേസ് വേഗത്തിൽ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിർമ്മാണ കന്പനി കോടതിയെ അറിയിച്ചു. കേസ് ഡിസംബർ ഏഴിന് വീണ്ടും പരിഗണിക്കും. അതേസമയം ഇരു കക്ഷികളും ആവശ്യപ്പെട്ടാൽ കേസ് നേരത്തെ പരിഗണിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. മൂന്നു വർഷത്തിനുള്ളിൽ ചിത്രീകരണം തുടങ്ങുമെന്ന കരാറിലാണ് രണ്ടാമൂഴത്തിന്റെ ഇംഗ്ലീഷ് മലയാളം തിരക്കഥകൾ എം.ടി കൈമാറിയത്.