അര്‍ജന്റീനക്ക് പ്രതീക്ഷ നല്‍കി നൈജീരിയ

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഐസ്‍ലാന്റിന്റെ തോല്‍വി

Update: 2018-06-22 17:29 GMT
Advertising

നിര്‍ണായക മത്സരത്തില്‍ വിജയവുമായി നൈജീരിയ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഐസ്‍ലന്‍ഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് നൈജീരിയ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകള്‍ നേടിയ മൂസയുടെ പ്രകടനമാണ് നൈജീരിയയുടെ വിജയത്തിന് പ്രധാന പങ്ക് വഹിച്ചത്. ഇതോടെ അര്‍ജന്റീനക്കും നൈജീരിയക്കും ഐസ്‍ലാന്‍ഡിനും അവസാന മത്സരം നിര്‍ണായകമായി. ഈ മല്‍സരഫലം നോക്കിയിരുന്ന അര്‍ജന്റീന നൈജീരിയയുടെ ജയത്തോടെ ആശങ്കയിലുമായി. ഐസ്‍ലന്‍ഡ് തോറ്റത് അനുഗ്രഹമായി കരുതുമ്പോഴും നൈജീരിയ പുറത്തെടുത്ത പ്രകടനമാണ് അര്‍ജന്റീനയെ ആശങ്കപ്പെടുത്തുന്നത്. അടുത്ത മല്‍സരത്തില്‍ ഇതേ നൈജീരിയയെ തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റില്‍ മുന്നോട്ട് പോക്ക് സാധ്യമാകൂ.

ഈ ജയത്തോടെ നൈജീരിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ക്രൊയേഷ്യയാണ് ഗ്രൂപ്പില്‍ മുന്നില്‍. അര്‍ജന്റീനയ്ക്കും ഐസ്‌ലന്‍ഡിനും ഓരോ പോയിന്റ് വീതമാണുള്ളത്.

ആദ്യ പകുതിയിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം 49ാം മിനിറ്റിലായിരുന്നു നൈജീരിയയുടെ ആദ്യ ഗോള്‍. പോസ്റ്റിന് വലതു ഭാഗത്തുനിന്നും മോസസ് നല്‍കിയ കൃത്യതയാര്‍ന്ന പാസ് തകര്‍പ്പന്‍ ഷോട്ടിലൂടെ പോസ്റ്റിലെത്തിച്ചാണ് മുസ നൈജീരിയക്ക് ആദ്യ ഗോള്‍ നല്‍കിയത്‌.

Full View

75ാം മിനിറ്റില്‍ ഒമേറുവോ നല്‍കിയ പാസ് ഐസ്‌ലന്‍ഡ് പ്രതിരോധത്തെയും ഗോള്‍ കീപ്പറെയും കാഴ്ചക്കാരാക്കിയാണ് മൂസ വലയിലെത്തിച്ചത്.

പത്ത് മിനിറ്റിനുള്ളില്‍ തന്നെ ഒരു ഗോള്‍ മടക്കി മത്സരത്തിലേയ്ക്ക് തിരിച്ചുവരാനുള്ള അവസരം ലഭിച്ചിരുന്നു ഐസ്‌ലന്‍ഡിന്. എന്നാല്‍, ഗില്‍ഫി സിഗുറോസന്റെ കിക്ക് ആകാശത്തേയ്ക്ക് പറന്നു പാഴായി.

ഐസ്‌ലന്‍ഡ് താരം ഫിന്‍ബോഗസ്സനെ ബോക്‌സിനുള്ളില്‍ എബുവേഹി വീഴ്ത്തിയതിന് വിഎആറിന്റെ സഹായത്തോടെ പെനല്‍റ്റി വിധിക്കുന്നു റഫറി. എന്നാല്‍ ജില്‍ഫി സിഗുര്‍ഡ്‌സന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോകുന്നു.

Tags:    

Similar News