പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി സ്വിറ്റ്സര്‍ലന്‍ഡ്
ആദ്യം ഗോള്‍ വഴങ്ങിയ ടീം വിജയിക്കുന്നത് റഷ്യന്‍ ലോകകപ്പില്‍ ഇതാദ്യമാണ്
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം സങ്കീര്‍ണമായി.
കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയത് സ്വിറ്റ്സര്‍ലന്‍ഡായിരുന്നെങ്കിലും ആദ്യ ഗോള്‍ സെര്‍ബിയയുടെ കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ മുന്നേറ്റ താരം അലക്സാണ്ടര്‍ മിട്രോവിച്ചിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ സെര്‍ബിയയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായും സ്വിറ്റ്സര്‍ലാന്‍ഡ് ഏറ്റെടുത്തു, സെര്‍ബിയന്‍ ഗോള്‍മുഖത്തേക്ക് നിരന്തരമായ ആക്രമണങ്ങള്‍. അതിന്റെ തുടര്‍ച്ചയെന്നോണം ആദ്യ ഗോള്‍. 52ആം മിനിറ്റില്‍ ഗ്രനിറ്റ് ഷാക്കയുടെ ഉഗ്രന്‍ ഷോട്ട് ഗോളിക്ക് പിടികൊടുക്കാതെ വലയിലേക്ക്.
ഗോള്‍ വീണതോടെ സെര്‍ബിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒടുവില്‍ കളിയുടെ തൊണ്ണൂറാം മിനിറ്റില്‍ പന്തുമായി ഒറ്റക്കു മുന്നേറിയ ഷക്കീരി അനായാസം പന്ത് വലയിലെത്തിച്ചു, സ്വിറ്റ്സര്‍ലന്‍ഡിന് വിജയഗോളും. ആദ്യം ഗോള്‍ വഴങ്ങിയ ടീം വിജയിക്കുന്നത് റഷ്യന്‍ ലോകകപ്പില്‍ ഇതാദ്യമാണ്.
ജയത്തോടെ സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. കോസ്റ്റാറിക്കക്കെതിരായ മത്സരത്തില്‍ സമനില നേടിയാല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ കടക്കാം. ഇതോടെ പ്രീ ക്വാര്‍ട്ടറിലെത്താന്‍ ബ്രസീലിനും അടുത്ത മത്സരത്തില്‍ സമനിലയെങ്കിലും നേടേണ്ടി വരും.