ഷാക്കക്കും ഷാക്കിരിക്കും പിഴയടക്കാന്‍ പിരിവുമായി അല്‍ബേനിയയും കൊസോവയും
ഗോളാഘോഷത്തിന്റെയും ആരാധകരുടെ പെരുമാറ്റത്തിന്റെയും പേരില്‍ കനത്ത പിഴയാണ് ഫിഫ സ്വിറ്റസര്‍ലന്‍ഡിനുമേല്‍ ചുമത്തിയത്
സ്വിറ്റസര്‍ലന്‍ഡ് താരങ്ങളായ ഷാക്കക്കും ഷാക്കിരിക്കും ഫിഫ ചുമത്തിയ പിഴയടക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് പിരിവെടുക്കാന്‍ ഒരുങ്ങി അല്‍ബേനിയയും കൊസോവയും. കൊസോവന്‍ വംശജരായ താരങ്ങളുടെ വിവാദമായ ഗോളാഘോഷത്തിന്റെയും ആരാധകരുടെ പെരുമാറ്റത്തിന്റെയും പേരില്‍ കനത്ത പിഴയാണ് ഫിഫ സ്വിറ്റസര്‍ലന്‍ഡിനുമേല്‍ ചുമത്തിയത്. സെര്‍ബിയക്കെതിരായ മത്സരത്തില്‍ ഗോളടിച്ചശേഷം ആല്‍ബേനിയയുടെ പാതകയിലെ ഇരട്ടത്തലയന്‍ പരുന്തിന്റെ അടയാളം കാണിച്ചതിന് സ്ട്രൈക്കര്‍മാരായ ഗ്രാനിറ്റ് ഷാക്കയ്ക്കും ഷാക്കിരിക്കും പതിനായിരം സ്വിസ് ഫ്രാങ്ക് വീതവും ക്യാപ്റ്റന്‍ ലിച്‌സ്‌റ്റെയ്‌നര്‍ക്ക് അയ്യായിരം സ്വിസ് ഫ്രാങ്കുമാണ് ഫിഫ പിഴയിട്ടത്. ഈ തുക കണ്ടെത്താനാണ് ആരാധകര്‍ ജനങ്ങളിലേയ്ക്കിറങ്ങിയത്. പിരിവ് തുടങ്ങിയ പതിനെട്ട് മണിക്കൂറിനുള്ളില്‍ തന്നെ പതിനാറായിരം ഡോളര്‍ ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍, ഈ തുക സ്വിസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിക്കുമോ എന്ന കാര്യം ഉറപ്പില്ല. അവര്‍ നിഷേധിക്കുകയാണെങ്കില്‍ ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ആരാധകരുടെ തീരുമാനം.