എംബാപ്പെയുടെ ആ ഗോളില്‍ ഒരു പുതുമയുമില്ലെന്നേ...

ഹുസൈന്‍ ബോള്‍ട്ട് മണിക്കൂറില്‍ 37.5 കിലോമീറ്റര്‍ വേഗത്തിലോടിയാണ് ലോകറെക്കോഡിട്ടത്. അന്ന് പതിനേഴും ചില്ലറയും വയസ്പ്രായമുള്ളപ്പോള്‍ എംബാപ്പെ ഓടിയത് മണിക്കൂറില്‍ 36 കിലോമീറ്റര്‍ വേഗത്തിലായിരുന്നു...

Update: 2018-07-01 08:37 GMT
Advertising

എംബാപ്പെ അര്‍ജന്റീനന്‍ പ്രതിരോധത്തെ ഒന്നാകെ ഓടിത്തോല്‍പ്പിച്ച് നേടിയ ഗോള്‍ ലോകം ആഘോഷിക്കുമ്പോള്‍ ആ ഗോളിലത്ര പുതുമയൊന്നുമില്ലെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ റോബിന്‍ ബെയ്‌നര്‍ പറയുന്നത്. കാരണമെന്താണെന്നോ? ഇതേ പോലെ ശരവേഗത്തിലോടി നേരത്തെയും ഈ കൗമാരക്കാരന്‍ എതിര്‍ ടീമുകളുടെ നെഞ്ചകം പിളര്‍ത്തിയിട്ടുണ്ടെന്നതു തന്നെ. കൃത്യമായി പറഞ്ഞാല്‍ ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വേണ്ടിയായിരുന്നു അന്ന് 17കാരനായിരുന്ന എംബാപ്പെ എതിര്‍ ടീമിനെ ഒന്നാകെ ഓടി തോല്‍പ്പിച്ചത്. അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ ഒടുവില്‍ ഗോളിയുടെ പ്രതിബന്ധമെങ്കിലുമുണ്ടായിരുന്നെങ്കില്‍ അന്ന് ലില്ലി ഗോളി പോലമുണ്ടായിരുന്നില്ലെന്ന വ്യത്യാസം മാത്രം.

ഹുസൈന്‍ ബോള്‍ട്ട് മണിക്കൂറില്‍ 37.5 കിലോമീറ്റര്‍ വേഗത്തിലോടിയാണ് 100 മീറ്ററില്‍ ലോകറെക്കോഡിട്ടത്. അന്ന് ഫ്രഞ്ച് ലീഗില്‍ പതിനേഴും ചില്ലറയും വയസ്പ്രായമുള്ളപ്പോള്‍ എംബാപ്പെ ഓടിയത് മണിക്കൂറില്‍ 36 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. ബോള്‍ട്ടിന് ഫിനിഷിംങ് പോയിന്റ് മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ കാലില്‍ കൊരുത്ത പന്ത് ഗോള്‍ പോസ്റ്റിനുള്ളിലെത്തിക്കുകയെന്ന അധിക ലക്ഷ്യവും എംബാപ്പെക്കുണ്ടായിരുന്നു. ആ അതിവേഗ ഓട്ടത്തിലും ലക്ഷ്യം പിഴച്ചില്ലെന്നതാണ് എംബാപ്പെയെ ഫുട്‌ബോളിലെ കൗമാര താരോദയമെന്ന വിശേഷണത്തിന് യോഗ്യനാക്കുന്നത്.

Full View

പ്രീ ക്വാര്‍ട്ടറില്‍ വീറോടെ അര്‍ജന്‍ീന ഫ്രാന്‍സിനെതിരെ 4-3ന് തോറ്റുപോയത് എംബാപ്പെയുടെ ഓട്ടത്തിന് മുന്നിലാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ഫ്രാന്‍സ് നേടിയ നാലില്‍ മൂന്നു ഗോളുകളിലും എംബാപ്പെയുടെ കയ്യൊപ്പുണ്ടായിരുന്നു. പതിനൊന്നാം മിനുറ്റില്‍ മൈതാനത്തിന്റെ സ്വന്തം പകുതിയില്‍ നിന്നാണ് എംബാപ്പെ തുടങ്ങിയ ആ കുതിപ്പാണ് ഫ്രാന്‍സിന് മത്സരത്തില്‍ മേല്‍ക്കൈ പതിച്ചു നല്‍കിയത്.

Full View

മാഷറാനോയടക്കമുള്ള മൂന്ന് അര്‍ജന്റീന താരങ്ങളെ ഓടി തോല്‍പിച്ച് ബോക്‌സിലേക്ക് പാഞ്ഞ എംബാപ്പെയെ പന്തിലെത്തും മുമ്പേ തടയാമെന്നായിരുന്നു മാര്‍കോസ് റോജോ കരുതിയിരിക്കുക. ആ ചിന്ത റോജോയുടെ തലയിലെത്തുന്നതിന് മുമ്പ് തന്നെ റോജോയേയും ഓടി തോല്‍പിക്കാന്‍ എംബാപ്പെ തീരുമാനിച്ചിരിക്കണം. അതിന്റെ ഫലമായാണ് ബോക്‌സിലേക്ക് പന്ത് തട്ടി അയാള്‍ വീണ്ടും വേഗം കൂട്ടിയത്. അതിവേഗമകലുന്ന എംബാപ്പെയെ തടയാന്‍ അറ്റക്കൈ തള്ളല്‍ പ്രയോഗമല്ലാതെ റോജോക്ക് മുന്നിലൊന്നുമുണ്ടായില്ല. അതയാള്‍ ചെയ്യുകയും റഫറി പെനല്‍റ്റിയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്തു. ആ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു ഫ്രഞ്ച് നായകന്‍ ഗ്രീസ്മാന്‍ അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് മോഹങ്ങളുടെ ശവപ്പെട്ടിയിലെ ആദ്യ ആണിയടിച്ചത്.

Full View

രണ്ടാം പകുതിയില്‍ 64, 68 മിനുറ്റുകളില്‍ കെയ്‌ലിയന്‍ എംബാപ്പെ നേടിയ ഗോളുകളിലും അതിവേഗത്തിന്റെ മിന്നലാട്ടമുണ്ടായിരുന്നു. ആ ഗോളുകളോടെയായിരുന്നു മത്സരം പൂര്‍ണ്ണമായും ഫ്രാന്‍സിന്റെ വരുതിയിലായത്. ലോകകപ്പ് നോക്കൗട്ടില്‍ ഇരട്ട ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെക്ക് പിന്നിലായി നേടാനും എംബാപെക്ക് കഴിഞ്ഞു. നാല് കൗമാരക്കാര്‍ക്ക് മാത്രമാണ് ലോകകപ്പില്‍ ഇതുവരെ ഗോള്‍ നേടാനായിട്ടുള്ളത്. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വന്ന് ലോകകിരീടം നേടി അമ്പരപ്പിച്ച പെലെയുടെ കളിയെ പലപ്പോഴും എംബാപെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അന്ന് ഹാട്രിക്കടക്കം ആറ് ഗോളുകള്‍ നേടിയായിരുന്നു 1958ലെ ലോകകിരീടവുമായി പെലെയും ബ്രസീലും മടങ്ങിയത്. എംബാപെയെ അഭിനന്ദിച്ച് പെലെ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അര്‍ജന്റീനയുമായുള്ള മത്സരശേഷം കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട എംബാപെയോട് പെലെയുമായുള്ള താരമത്യത്തിന്റെ കാര്യം ചോദിക്കുകയും ചെയ്തു. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയായിരുന്നു എംബാപ്പെയുടെ പ്രതികരണം. പെലെയും ഞാനും ഒരേ ലീഗില്‍ കളിക്കുന്നവരല്ല. എന്നാല്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിലെത്തിയതില്‍ സന്തോഷമുണ്ടെന്നാണ് കുസൃതിചിരിയോടെ എംബാപ്പെ പറഞ്ഞത്.

Full View

നാല് ലോകകപ്പ് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളാണ് എംബാപ്പെ ഇതുവരെ നേടിയത്. ഇനിയുള്ള മത്സരങ്ങളിലും ഫ്രാന്‍സിന്റെ മുന്‍നിരയിലെ അതിവേഗ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക ഈ 19കാരനാകുമെന്നുറപ്പ്. വരും മത്സരങ്ങളിലും ഈ കുട്ടിത്തം വിടാത്ത കളിക്കാരന്റെ വേഗമായിരിക്കും എതിര്‍ ടീം പ്രതിരോധത്തിന്റെ പ്രധാന തലവേദനകളിലൊന്ന്. ക്വാര്‍ട്ടറിലെത്തിയ 26 വയസ് ശരാശരി പ്രായമുള്ള ഫ്രാന്‍സിന്റെ യുവനിരക്ക് റഷ്യയില്‍ ചരിത്രം രചിക്കാനായാല്‍ എംബാപ്പെയെന്ന കൗമാരക്കാരന്റെ പങ്കും ചെറുതായിരിക്കില്ല.

Tags:    

Similar News