പ്രളയത്തിലെ ‘സൂപ്പര്‍ഹീറോ’കള്‍ക്ക്  ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം; പ്രത്യേക ജഴ്സിയണിഞ്ഞ് ഇന്ന് മുംബൈക്കെതിരെ ഇറങ്ങും

പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളുടെ സേവനത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രതീകാത്മക ചിത്രങ്ങള്‍ ആലേഖനം ചെയ്ത ജേഴ്‌സികളുമായാവും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുക.

Update: 2018-10-05 02:41 GMT
Advertising

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന്റെ ഉദ്ഘാടന പോരാട്ടം ഇന്ന് കൊച്ചിയില്‍ നടക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത് മല്‍സ്യ തൊഴിലാളികള്‍ക്കുള്ള ആദരമാക്കി മാറ്റുന്നു. മുംബൈ സിറ്റി എഫ്.സിയുമായുള്ള കേരളത്തിന്റെ പോരാട്ടമാണ് ചരിത്രമാകുന്നത്. പ്രളയത്തില്‍ കുടുങ്ങിയ ജനങ്ങളെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ സേവനത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രതീകാത്മക ചിത്രങ്ങള്‍ ആലേഖനം ചെയ്ത ജേഴ്‌സികളുമായാവും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുക.

ഇതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് അംബാസിഡറായ മോഹന്‍ലാലിന്റെ ഒരു വീഡിയോയും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ഐസ്എല്ലിന്റെ കൊച്ചി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടന സമയത്തും മത്സ്യത്തൊഴിലാളികളെ വിശിഷ്ടാതിഥികളായി എത്തിച്ച് ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ നേടിയിരുന്നു. കേരളത്തിനായി കഠിനാധ്വാനം ചെയ്ത മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമെന്ന നിലയിലാണ് ജേഴ്‌സിയില്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.

എെ.എസ്.എല്ലിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാംമ്പ്യന്‍മാരായ എടികെയെ കൊല്‍ക്കത്തയില്‍ ചെന്ന് 2-0ത്തിന് വീഴ്ത്തിയതിന്റെ കത്തുന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ ഹോം പോരിനിറങ്ങുന്നത്.

Tags:    

Similar News