വാര്‍ത്ത തെറ്റ്; നെയ്മറെ തിരികെ കൊണ്ടുവരാനുള്ള ആലോചനയൊന്നുമില്ലെന്ന് ബാഴ്‌സലോണ 

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ ബാഴ്‌സലോണയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു പദ്ധതിയുമില്ലെന്ന് ബാഴ്‌സലോ വൈസ് പ്രസിഡന്റ് ജോഡി കാര്‍ഡോണര്‍. 

Update: 2018-10-19 14:56 GMT
Advertising

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ ബാഴ്‌സലോണയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു പദ്ധതിയുമില്ലെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോഡി കാര്‍ഡോണര്‍. നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലായി വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. ഇതിനൊടുവിലാണ് ക്ലബ്ബ് വൈസ് പ്രസിഡന്റ് തന്നെ സ്ഥിരീകരണവുമായി രംഗത്ത് എത്തുന്നത്. നാല് വര്‍ഷമാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ പന്തുതട്ടിയത്. ഇതിനിടക്ക് രണ്ട് ലാലിഗാ കിരീടങ്ങളും 2015ലെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും പങ്കാളിയായി.

ബാഴ്‌സയിലെ വമ്പന്‍ താരങ്ങളായ ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരുമായി നല്ലൊരു അടുപ്പവും നെയ്മറിനുണ്ടായിരുന്നു. അതിപ്പോഴും താരം കാത്തുസൂക്ഷിക്കുന്നുണ്ട്. 2017 ജൂലൈയിലാണ് നെയ്മര്‍ റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയി ലെത്തിയത്. ബാഴ്‌സലോണ ബോര്‍ഡിലെ ആരും തന്നെ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണമെന്ന വിഷയം ഉന്നയിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകളോട് മറുപടി പറയാനാവില്ലെന്നും കാര്‍ഡോണര്‍ ഒരു റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. നെയ്മര്‍ പിഎസ്ജിയിലെത്തിയ നാളില്‍ എഡിസണ്‍ കവാനിയുമായി നല്ല അടുപ്പത്തിലല്ലായിരുന്നു.

പ്രത്യേകിച്ച് സ്‌പോട്ട് കിക്കുകള്‍ എടുക്കുന്ന കാര്യത്തില്‍. ഇവര്‍ തമ്മിലുള്ള തര്‍ക്കം ക്ലബ്ബിന് തലവേദനയാവുകയും ചെയ്തിരുന്നു. അന്നും നെയ്മര്‍ പി.എസ്.ജി വിടുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളെ തള്ളി നെയ്മര്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

Tags:    

Similar News