രക്ഷകനായി ഗോൾകീപ്പർ ബയിൻഡിർ; പത്തുപേരായി പൊരുതി ഷൂട്ടൗട്ടിൽ ആർസനലിനെ വീഴ്ത്തി യുണൈറ്റഡ്
61ാം മിനിറ്റിൽ ഡീഗോ ഡാലോട്ട് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതോടെ രണ്ടാം പകുതിയിലും എക്‌സ്ട്രാ ടൈമിലും പത്തുപേരുമായാണ് യുണൈറ്റഡ് പൊരുതിയത്.
ലണ്ടൻ: പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട എഫ്എ കപ്പ് ആവേശ പോരാട്ടത്തിൽ ആർസനലിനെ വീഴ്ത്തി (5-3) മാഞ്ചസ്റ്റർ യുണൈറ്റഡ്. മുഴുവൻ സമയവും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 61ാം മിനിറ്റിൽ ഡീഗോ ഡാലോറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ രണ്ടാംപകുതിയിലെ ഭൂരിഭാഗം സമയവും പത്തുപേരായാണ് യുണൈറ്റഡ് പൊരുതിയത്. കളിയിലുടനീളവും ഷൂട്ടൗട്ടിലും ടർക്കിഷ് ഗോൾകീപ്പർ അൽതായ് ബയിൻഡിർ പുറത്തെടുത്ത മിന്നും പ്രകടനം റൂബൻ അമോറിം സംഘത്തിന്റെ വിജയത്തിൽ നിർണായകമായി. തോൽവിയോടെ ആർസനൽ എഫ് എ കപ്പ് മൂന്നാംറൗണ്ടിൽ പുറത്തായി.
What a performance from this man.#MUFC || #FACup pic.twitter.com/a7v4c8ItKI
— Manchester United (@ManUtd) January 12, 2025
ആർസനൽ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണ മൂർച്ചകൂട്ടി ഇരുടീമുകളും മുന്നേറിയതോടെ മത്സരം ആവേശകരമായി. ഗണ്ണേഴ്‌സിനെ ഞെട്ടിച്ച് 52ാം മിനിറ്റിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡാണ് ലീഡ് നേടിയത്. എന്നാൽ 63ാം മിനിറ്റിൽ പ്രതിരോധ താരം ഗബ്രിയേലിലൂടെ ആർസനൽ സമനില പിടിച്ചു. ഡീഗോ ഡാലോട്ട് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി രണ്ടുമിനിറ്റിനകമാണ് ഗണ്ണേഴ്‌സ് ഗോൾ മടക്കിയത്. എന്നാൽ രണ്ടാം പകുതിയുടെ അവശേഷിക്കുന്ന സമയവും എക്‌സ്ട്രാ ടൈമിലും യുണൈറ്റഡിന്റെ കളിക്കാരുടെ എണ്ണത്തിലെ കുറവ് മുതലെടുക്കാൻ മൈക്കിൾ ആർട്ടേറ്റയുടെ സംഘത്തിനായില്ല.
ഒടുവിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. യുണൈറ്റഡിനായി കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസ്, അമാദ് ഡിയാലോ, ലെനി യോറോ, ലിസാൻഡ്രോ മാർട്ടിനസ്, ജോഷ്വാ സിർക്‌സി എന്നിവർ അനായാസം ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ ഗണ്ണേഴ്‌സ് നിരയിൽ കായ് ഹാവെർട്‌സിന്റെ കിക്ക് യുണൈറ്റഡ് ഗോൾകീപ്പർ ബയിൻഡിർ ഫുൾലെങ്ത് ഡൈവിലൂടെ തട്ടിയകറ്റി. നേരത്തെ 72ാം മിനിറ്റിൽ മാർട്ടിൻ ഒഡീഗാർഡ് എടുത്ത നിർണായക പെനാൽറ്റിയും തുർക്കി ഗോൾകീപ്പർ തട്ടികയറ്റിയിരുന്നു. മറ്റു മത്സരങ്ങളിൽ ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളിന് ടാംവർത്തിനേയും ന്യൂകാസിൽ യുണൈറ്റഡ് 3-1ന് ബ്രോംലിയേയും കീഴടക്കി എഫ്എ കപ്പിൽ മുന്നേറി.