വിടപറഞ്ഞത് കാനറികളെ ‘മഞ്ഞ ഉടുപ്പിച്ച’ ശില്‍പി
കാനറികളുടെ മഞ്ഞ ജേഴ്സി ഡിസൈൻ ചെയ്ത അൽദിർ ഗാർഷ്യ ഷ്ലീ അന്തരിച്ചു.
മഞ്ഞപ്പട എന്നത് ബ്രസീൽ ആരാധകരും വിമർശകരും ഒരുപോലെ ഏറ്റെടുത്ത പേരാണ്. എന്നാൽ ഈ പേരിന് പിന്നിലൊരു കഥയുണ്ട്. 1950 ലോകകപ്പിൽ ‘മാറക്കാന’യിൽ വെള്ളക്കുപ്പായമിട്ട് ബ്രസീൽ യുറഗ്വായോടു തോറ്റതോടെ ബ്രസീൽ ഫുട്ബോൾ ടീമിനു ഭാഗ്യം കൊണ്ടുവരാൻ ഒരു ജേഴ്സി കിറ്റ് വേണമെന്നായി. അങ്ങനെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഒരു മത്സരം പ്രഖ്യാപിച്ചു. ജേഴ്സി കിറ്റ് ഡിസൈൻ ചെയ്യുന്ന മത്സരം. അന്ന് ലോകത്തിന് ആ മഞ്ഞ ജേഴ്സി പരിചയപ്പെടുത്തി കൊണ്ട് കടന്നു വന്ന വ്യക്തിയാണ് അൽദിർ ഗാർഷ്യ ഷ്ലീ. ബ്രസീൽ–ഉറുഗ്വായ് അതിർത്തി പ്രദേശക്കാരനായിരുന്നു അദ്ദേഹം. അങ്ങനെ അൽദിർ ഗാർഷ്യ ഷ്ലീ രൂപപ്പെടുത്തിയ മഞ്ഞ ജേഴ്സി ബ്രസീലും, ഫുട്ബോള്‍ ലോകവും നെഞ്ചേറ്റുകയായിരുന്നു.
ഒറ്റ നിബന്ധനയെ അന്ന് ബ്രസീല്‍ ഫുട്ബോൾ ഫെഡറേഷന് ഉണ്ടായിരുന്നുള്ളൂ. ദേശീയ പതാകയിലെ നാലു നിറങ്ങളും ജേഴ്സിയില്‍ ഉണ്ടായിരിക്കണം. ഒടുവില്‍, ഏവരേയും തൃപ്തിപ്പെടുത്തുന്ന ഒരു ജേഴ്സി ഉണ്ടാക്കി എടുക്കുന്നതില്‍ ഷ്ലി വിജയിച്ചു. മരണ ശേഷം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അൽദിർ ഷ്ലീയുടെ അനുശോചനത്തിൽ ഇങ്ങനെ കുറിച്ചു, ‘’ഇത് ഞങ്ങളുടെ യോജിപ്പാണ്. ലോകത്തിന് മുന്നിലുള്ള ഞങ്ങളുടെ പ്രദർശനമാണ്’’.
100ലധികം ഡിസൈനുകൾക്ക് ശേഷമാണ് ജേഴ്സിക്ക് മഞ്ഞ നിറം ഉറപ്പിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. കോളറിനു ചുറ്റും പച്ച നിറമുള്ള മഞ്ഞ ജെഴ്സിയും നീല ഷോർട്സും വെള്ള സോക്സുമടങ്ങിയ കിറ്റാണ് അദ്ദേഹം ഡിസൈൻ ചെയ്തത്.
ഷ്ലീ ഡിസൈൻ ചെയ്ത കിറ്റ് അണിഞ്ഞാണ് ബ്രസീൽ 1954 ലോകകപ്പിൽ കളിച്ചത്. ആതിൽ തോറ്റെങ്കിലും പക്ഷേ, ജേഴ്സി മാറ്റിയില്ല. പിന്നീട് ബ്രസീല്‍ ഗംഭീര മുന്നേറ്റം നടത്തുകയുണ്ടായിരുന്നു. തുടര്‍ന്നു വന്ന രണ്ട് ലോകകപ്പും മഞ്ഞപ്പടക്ക് ഒപ്പമായിരുന്നു.
ഇതിലെ കൗതുകകരമായ ഒരു കാര്യം എന്തെന്നാല്‍, മഞ്ഞപ്പടയുടെ ശില്‍പ്പിയായ ഷ്ലി ഒരു ഉറുഗ്വായ് ആരാധകനാണ് എന്നുള്ളതാണ്. ഫുട്ബോൾ ചരിത്രത്തിൽ ‘മാറക്കാന ദുരന്ത’മെന്ന് അറിയപ്പെടുന്ന ബ്രസീൽ തോൽവിയിലും അദ്ദേഹം ഉറുഗ്വായെയാണ് പിന്തുണച്ചത്. അദ്ദേഹം ലോകത്തോട് വിട പറഞ്ഞതും ഒരു ബ്രസീൽ– ഉറുഗ്വായ് മൽസരത്തിന്റന്നായത് ഒരു നിമിത്തമാകാം. ഷ്ലീയോടുള്ള ആദരാഞ്ജലിയായി മൽസരത്തിനു മുൻപ് ബ്രസീൽ കളിക്കാർ ഒരു മിനിറ്റ് മൗനം ആചരിക്കുകയുണ്ടായി.