എെ.എസ്.എല്‍; ഡല്‍ഹിയെ ഒരു ഗോളിന് പരാജയപ്പെടുത്തി ബംഗളുരു എഫ്.സി
ഇതോടെ പട്ടികയില്‍ എഫ്.സി ഗോവയെ പിന്തള്ളി ബംഗളുരു ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് ഡല്‍ഹി ഡെെനാമോസിനെ പരാജയപ്പെടുത്തി. ഇതോടെ പട്ടികയില്‍ എഫ്.സി ഗോവയെ പിന്തള്ളി ബംഗളുരു ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തില്‍, ഉദാന്ത സിങ്ങാണ് ബംഗളൂരുവിന്റെ ഏക ഗോള്‍ നേടിയത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റാണ് ബംഗളൂരുവിനുള്ളത്. എട്ട് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്.
ബംഗളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ 150ാം ക്ലബ് മത്സരമെന്ന പ്രത്യേകതയുമായി ഇറങ്ങിയ ബംഗളുരു, ക്യാപ്റ്റനെ തൃപ്തിപ്പെടുത്തുന്ന വിജയവുമായാണ് മെെതാനം വിട്ടത്. ഗോള്‍ രഹിത മത്സരമായി അവസാനിക്കാനിരിക്കേ 87ാം മിനിറ്റിലായിരുന്നു ഉദാന്ത സിങ്ങിന്റെ വിജയ ഗോള്‍ പിറന്നത്.
ഗോള്‍മുഖം ലക്ഷ്യമാക്കി നിരവധി ഷോട്ടുകള്‍ പായിച്ചെങ്കിലും ഒന്നും തന്നെ ഗോളാക്കി മാറ്റാന്‍ ഡെെനാമോസിനായില്ല. ഫിനിഷിങിലെ പിഴവാണ് ഡെല്‍ഹി ഡൈനാമോസിന് തിരിച്ചടിയായത്. ഒന്‍പത് മത്സരങ്ങളില്‍ നിന്നും നാല് പോയന്റ് മാത്രമുള്ള ഡെെനാമോസ്, പോയന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. കളിച്ച മത്സരങ്ങളില്‍, നാലെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളിലും ഡല്‍ഹി തോല്‍വി രുചിച്ചു.