നെയ്മറിന്റെ ‘കളിയില്‍’ പ്രകോപിതരായി ലിവര്‍പൂള്‍

പി.എസ്.ജിയും ലിവര്‍പൂളും(2-1) തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിലെ മത്സരത്തിലും നെയ്മറിന്റെ പ്രതിഭയുടേയും അഭിനയത്തിന്റേയും ധാരാളിത്തം ഒരുപോലെ ഉണ്ടായിരുന്നുവെന്നാണ് വിമര്‍ശം.

Update: 2018-11-30 05:41 GMT
Advertising

നെയ്മറിനോളം പോന്ന പ്രതിഭകള്‍ ഫുട്‌ബോളില്‍ അധികമില്ല. ഫുട്‌ബോളിലെ കഴിവിനൊപ്പം മൈതാനത്ത് നെയ്മര്‍ നടത്തുന്ന വീഴ്ച്ചകളില്‍ പലതും അഭിനയമാണെന്ന വിമര്‍ശവും വര്‍ഷങ്ങളായി ഉയരുന്നുണ്ട്. പി.എസ്.ജിയും ലിവര്‍പൂളും(2-1) തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിലെ മത്സരത്തിലും നെയ്മറിന്റെ പ്രതിഭയുടേയും അഭിനയത്തിന്റേയും ധാരാളിത്തം ഒരുപോലെ ഉണ്ടായിരുന്നുവെന്നാണ് വിമര്‍ശം. ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് തന്നെ പരസ്യവിമര്‍ശം ഉയര്‍ത്തിക്കഴിഞ്ഞു.

തൊണ്ണൂറാം മിനുറ്റിലാണ് നെയ്മര്‍ മഴവില്‍ കിക്കിലൂടെ ലിവര്‍പൂള്‍ പ്രതിരോധത്തെ പരീക്ഷിച്ചത്. ഷാക്കിരിയായിരുന്നു എതിരാളി. ഷാക്കിരിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് തട്ടിയിട്ടെങ്കിലും കോര്‍ണര്‍ ഫഌഗിനടുത്തുവെച്ചുണ്ടായ ബലാബലത്തില്‍ നെയ്മര്‍ തോറ്റുപോയി. ഷാക്കിരി പന്ത് നിയന്ത്രണത്തിലാക്കിയതിന് പിന്നാലെ നെയ്മര്‍ ഫൗള്‍ അഭിനയിച്ച് വീഴുകയും ചെയ്തു. ഇതടക്കമുള്ള സംഭവങ്ങളാണ് നെയ്മര്‍ക്കും പി.എസ്.ജിക്കുമെതിരെ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്.

യുവാന്‍ ബെര്‍നറ്റിന്റേയും നെയ്മറുടേയും ഗോളുകളാണ് പി.എസ്.ജിക്ക് ജയം നേടിക്കൊടുത്തത്. 'മൈതാനത്ത് ചത്തതുപോലെ കിടന്നശേഷം ഒരു കുഴപ്പവുമില്ലാതെ എഴുന്നേറ്റുവന്നാല്‍ തന്നെ മഞ്ഞക്കാര്‍ഡ് കൊടുക്കണം' നെയ്മറുടെ പേരെടുത്തുപറയാതെ പി.എസ്.ജി താരങ്ങളുടെ മൈതാനത്തെ അഭിനയത്തെക്കുറിച്ച് ക്ലോപ്പ് ട്വിറ്ററില്‍ കുറിച്ചു.

'മത്സരം ഇത്തരം അനാവശ്യ പ്രകടനങ്ങളിലൂടെ തടസപ്പെടുന്നത് നല്ലകാര്യമല്ല. കളിക്കളത്തിലെ മാന്യതക്ക് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നു തവണ ഞങ്ങള്‍ അവാര്‍ഡ് നേടി. എന്നാല്‍ പി.എസ്.ജിക്കെതിരായ മത്സരത്തില്‍ റഫറി പുറത്തെടുത്ത മഞ്ഞക്കാര്‍ഡുകള്‍ കണ്ടാല്‍ ഞങ്ങള്‍ ഇറച്ചിവെട്ടുകാരാണെന്ന് തോന്നും. നെയ്മറും പി.എസ്.ജി കളിക്കാരും സമര്‍ഥരായിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് സഹിക്കാവുന്നതിനും പരിധിയുണ്ട്' എന്നായിരുന്നു ക്ലോപ്പ് പറഞ്ഞത്.

റഫറിക്കെതിരെയും ക്ലോപ്പ് മത്സരശേഷം ആഞ്ഞടിച്ചിരുന്നു. മത്സരത്തില്‍ ആറ് മഞ്ഞക്കാര്‍ഡുകളാണ് ലിവര്‍പൂളിനെതിരെ റഫറി പുറത്തെടുത്തത്. ഇതില്‍ ഭൂരിഭാഗവും ലിവര്‍പൂള്‍ താരങ്ങളുടെ അഭിനയത്തെ തുടര്‍ന്നാണെന്നാണ് ഉയരുന്ന ആരോപണം. മത്സരത്തിനു മുമ്പ് റഫറി തയ്യാറെടുപ്പ് പോലും നടത്തിയില്ലെന്നും പെനല്‍റ്റി പോലും അനുവദിക്കാതിരിക്കാനാണ് അവസാന നിമിഷം വരെ റഫറി ശ്രമിച്ചതെന്നും ക്ലോപ്പ് ആരോപിച്ചിരുന്നു.

Full View

റഫറിക്കെതിരായ പരസ്യ വിമര്‍ശങ്ങള്‍ക്ക് പിന്നാലെ ക്ലോപിനെ അടുത്ത മത്സരത്തില്‍ നിന്നും വിലക്കിയിരിക്കുകയാണ് യുവേഫ. അടുത്തകളിയില്‍ നാപോളിക്കെതിരെ ജയിച്ചാല്‍ മാത്രമേ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗില്‍ മുന്നോട്ടുപോകാനാകൂ.

Full View
Tags:    

Similar News