പുരസ്‌കാരത്തിളക്കത്തിൽ വീണ്ടും റോണോ; സീരി എയിലെ മികച്ച താരം
ഇറ്റാലിയൻ ഫുട്‌ബോളേഴ്‌സ് അസോസിയേഷൻ വോട്ടു വഴിയാണ് താരത്തെ തെരഞ്ഞെടുത്തത്
മിലാൻ: 2019-20 സീസണിൽ സീരി എയിലെ ഏറ്റവും മികച്ച താരമായി യുവന്റസിന്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ ഫുട്‌ബോളേഴ്‌സ് അസോസിയേഷൻ വോട്ടു വഴിയാണ് താരത്തെ തെരഞ്ഞെടുത്തത്.
ഇത്തവണ 23 ഗോളുകളുമായി ക്രിസ്റ്റ്യാനോ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും യുവെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഇന്റർമിലാനാണ് ഒന്നാമത്. യുവന്റസ് വനിതാ ടീമിന്റെ ഫോർവേഡ് ക്രിസ്റ്റ്യാന ഗിറെല്ലിയാണു മികച്ച വനിതാ താരം.
കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തെത്തിയ അറ്റലാന്റയാണു ടീം ഓഫ് ദി ഇയർ. പരിശീലകനുള്ള പുരസ്‌കാരം അറ്റലാന്റയുടെ ജിയാൻ പിയെറോ ഗാസ്‌പെറിനി സ്വന്തമാക്കി.
'ഇത് നമ്മൾ ആഗ്രഹിക്കാത്ത വിചിത്രമായ വർഷമായിരുന്നു. എന്നാൽ വ്യക്തിഗതമായും ടീമെന്ന നിലയിലും ഇത് പോസിറ്റീവായിരുന്നു. കാരണം നമ്മൾ ചാമ്പ്യൻഷിപ്പ് ജയിച്ചു. ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കുകയെന്നത് ആദ്യം ബുദ്ധിമുട്ടായിരുന്നു. ചാമ്പ്യൻഷിപ്പായിരുന്നു ലക്ഷ്യം. അത് നേടി. എന്നാൽ ചാമ്പ്യൻസ് ലീഗ് നഷ്ടപ്പെട്ടു. അതാണ് ഫുട്‌ബോൾ' - സ്‌കൈ സ്‌പോർട്ട് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.