ഹജ്ജ് തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ആരംഭിച്ചു
ആദ്യ സംഘം വൈകീട്ട് മൂന്ന് മണിയോടെ പ്രവാചക നഗരിയിലെത്തി
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ആരംഭിച്ചു. ആദ്യ സംഘം വൈകീട്ട് മൂന്ന് മണിയോടെ പ്രവാചക നഗരിയിലെത്തി. മദീനയില്‍ നിന്നാണ് ഹാജിമാര്‍ കൊച്ചിയിലേക്ക് മടങ്ങുക.
രാവിലെ എട്ട് മണിയോടെ പത്ത് ബസുകളിലായി 450 പേരടങ്ങുന്ന സംഘമാണ് മക്കയില്‍ നിന്നും ആദ്യം പുറപ്പെട്ടത്. ഉച്ചക്ക് മൂന്ന് മണിയോടെ ആദ്യസംഘം പ്രവാചക നഗരിയിലെത്തി. ഹജ്ജ് മിഷന്‍ അധികൃതരും മദീന ഹജ്ജ് വെല്‍ഫെയര്‍കമ്മിറ്റിയും ചേര്‍ന്ന് ഹാജിമാരെ സ്വീകരിച്ചു. ഹറമിന് സമീപത്ത് ബാബു സലാം റോഡിലെ അലമുക്താര്‍ ഗോള്‍ഡന്‍ ഹോട്ടലിലും ഷാം ഹോട്ടലിലുമാണ് ഇവര്‍ക്ക് താമസസൗകര്യം. രണ്ടാമത്തെ സംഘവും ഏഴരയോടെ മദീനയിലെത്തി. ഒക്ടോബര്‍ നാല് വരെയാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മദീന യാത്ര ക്രമീകരിച്ചിട്ടുള്ളത്.
മക്കയില്‍ 450 കിലോമീറ്റര്‍ ദൂരം ബസ് മാര്‍ഗമാണ് തീര്‍ഥാടകര്‍ യാത്ര ചെയ്യുന്നത്. പകല്‍ സമയത്താണ് ഹജ്ജ് മിഷന്‍ യാത്ര ക്രമീകരിച്ചിട്ടുള്ളത്. മുതവ്വിഫ് സ്ഥാപനങ്ങള്‍ ഹാജിമാര്‍ക്കുള്ള ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കയിലെ താമസ സ്ഥലങ്ങളില്‍ നിന്നും നേരിട്ട് മദീനയിലെ താമസ സ്ഥലത്താണ് ഹാജിമാരെ എത്തിക്കുക. മദീനയില്‍ എട്ട് ദിവസമാണ് ഹാജിമാര്‍ക്ക് താമസിക്കാന്‍ അനുവദാമുള്ളത്. താമസ സ്ഥലങ്ങളില്‍ ഇത്തവണ ഹജ്ജ് മിഷന്‍ ഭക്ഷണം വിതരണം ചെയ്യുന്നില്ല. മസ്ജിദുന്നബവിക്ക് പുറമെ മദീനയിലെ ചരിത്ര പ്രദേശങ്ങളും വിവിധ പള്ളികളിലും ഹാജിമാര്‍ സന്ദര്‍ശനം നടത്തും. ഈ മാസം ഇരുപത്തി ഒന്പതുമുതലാണ് കൊച്ചിയിലേക്കുള്ള മടക്ക യാത്ര.