കനത്ത മഴ: ഖത്തറിലെ ഇന്ത്യന്‍ സാംസ്കാരികോത്സവം റദ്ദാക്കി
ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ദോഹയില്‍ സംഘടിപ്പിച്ച എ പാസേജ് ടു ഇന്ത്യ സാംസ്‌കാരികോത്സവം മഴ കാരണം റദ്ദാക്കി
ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ദോഹയില്‍ സംഘടിപ്പിച്ച എ പാസേജ് ടു ഇന്ത്യ സാംസ്‌കാരികോത്സവം മഴ കാരണം റദ്ദാക്കി. ഉദ്ഘാടന ചടങ്ങിന് തൊട്ടു മുമ്പുണ്ടായ ശക്തമായ കാറ്റില്‍ പ്രദര്‍ശനത്തിനായൊരുക്കിയ ടെന്റുകള്‍ നിലം പൊത്തുകയായിരുന്നു. ഇതോടെ ആളുകള്‍ ചിതറിയോടിയെങ്കിലും ആര്‍ക്കും പരിക്കില്ല.
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്‌കാരികോത്സവത്തിനാണ് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ ഐസിസി രൂപം നല്‍കിയിരുന്നത്. ഐസിസിക്ക് കീഴിലെ വിവിധ സംഘടനകളും ഇന്ത്യന്‍ സ്‌കൂളുകളും ഒരുക്കിയ പ്രദര്‍ശനങ്ങളും കലാപ്രകടനങ്ങളുമായി പരിപാടി പുരോഗമിച്ചു കൊണ്ടിരുന്നു. ഇതിനിടെയാണ് മഴയും കാറ്റും തുടങ്ങിയത്. ഇതോടെ ആളുകള്‍ പ്രദര്‍ശന കൂടാരങ്ങളിലേക്ക് ഓടിക്കയറിയെങ്കിലും ശക്തമായ കാറ്റിലും മഴയിലും പ്രദര്‍ശന കൂടാരങ്ങള്‍ നിലംപൊത്തുകയായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രമുഖര്‍ ഉദ്ഘാടന വേദിയിലെത്തുന്നതിന് തൊട്ടുമുമ്പാണ് കാലാവസ്ഥ മാറിയത്. ഇതോടെ പരിപാടി നിര്‍ത്തി വെക്കുകയായിരുന്നു.
രണ്ടാം ദിവസം കാലാവസ്ഥ അനുകൂലമാണെങ്കില്‍ കലാപ്രകടനങ്ങള്‍ നടത്താമെന്ന് തീരുമാനിച്ചിരുന്നെങ്കിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന നിഗമനത്തില്‍ മിയാ പാര്‍ക്ക് അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ വിവിധ സംഘടനകളുടെ ഏറെ നാളത്തെ പരിശ്രമങ്ങളാണ് പാഴായിപ്പോയത്.