കുവൈത്തിൽ മയക്കുമരുന്നുപയോഗം കൂടുന്നു
രാജ്യവാസികളിൽ എഴുപതിനായിരം പേർ മയക്കു മരുന്നിനു അടിപ്പെട്ടവരാണെന്നാണ് ഏറ്റവും പുതിയ കണക്ക്
കുവൈത്തിൽ മയക്കുമരുന്നുപയോഗം കൂടുന്നതായി റിപ്പോർട്ട്. രാജ്യവാസികളിൽ എഴുപതിനായിരം പേർ മയക്കു മരുന്നിനു അടിപ്പെട്ടവരാണെന്നാണ് ഏറ്റവും പുതിയ കണക്ക്. കുവൈത്ത് ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ തലവന്‍ ഹാനി സക്കറിയയെ ഉദ്ധരിച്ചു അൽ നഹാർ പത്രമാണ് ഇക്കാര്യം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മയക്കു മരുന്ന് ഉപയോഗത്തിനെതിരെ സ്കൂൾ കോളേജ് തലങ്ങളിൽ ബോധവൽക്കരണത്തിനൊരുങ്ങുകയാണ് കുവൈത്ത് ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ.
ആയിരത്തിലേറെ മയക്കുമരുന്ന് കേസുകളാണ് കുവൈത്തിൽ ഈ വര്‍ഷം മാത്രം രേഖപ്പെടുത്തിയത്. രണ്ട് കോടിയിലേറെ ലഹരി ഗുളികകള്‍ 420 കിലോ കഞ്ചാവ് എന്നിവ കഴിഞ്ഞ എട്ടുമാസത്തിനിടെ പിടികൂടുകയുണ്ടായി . സ്വദേശികളും വിദേശികളും ഉൾപ്പെടെ 1374 പേർക്കെതിരെ കേസെടുക്കുകയും 235 വിദേശികളെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്നുപയോക്താക്കൾ കൂടുതലും യുവാക്കളാണ്. ആത്മവിശ്വാസമില്ലായ്മയും ഒഴിവുസമയത്തെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ അറിയാത്തതുമാണ് ആളുകളെ ഇത്തരം ശീലങ്ങളിലേക്കു എത്തിക്കുന്നതെന്നു കുവൈത് ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ അധ്യക്ഷൻ പറഞ്ഞു. മയക്കുമരുന്നിന്റെ ലോകത്തുനിന്ന് യുവതലമുറയെ രക്ഷിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അസോസിയേഷൻ . കാമ്പയിൻ കാലത്തു പരിശീലനം ലഭിച്ച കൗൺസിലർമാർ സ്‌കൂൾ കോളേജ് കാമ്പസുകളിൽ ബോധവത്കരണ ക്ളാസുകള്‍ക്കു നേതൃത്വം നൽകും . മയക്കുമരുന്നിന് അടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളും കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നു ഹാനി സക്കറിയ കൂട്ടിച്ചേർത്തു.