വാഹനങ്ങളുടെ കാറ്റൊഴിച്ച് ഖറാഫി നാഷണലിലെ തൊഴിലാളി പ്രതിഷേധം
സമരം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും അനുകൂല നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കടുത്ത നടപടിക്ക് മുതിര്‍ന്നത്
തൊഴില്‍പ്രശ്നം നിലനില്‍ക്കുന്ന കുവൈത്ത് ഖറാഫി നാഷനല്‍ കമ്പനിയില്‍ സമരരംഗത്തുള്ള തൊഴിലാളികള്‍ കമ്പനിയിലെ നൂറുകണക്കിന് വാഹനങ്ങളുടെ ചക്രത്തിന്റെ കാറ്റൊഴിച്ചു. സമരം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും അനുകൂല നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കടുത്ത നടപടിക്ക് മുതിര്‍ന്നത്.
ഒത്തുതീര്‍പ്പിനുള്ള ഒരുശ്രമവും കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതില്‍ തൊഴിലാളികള്‍ നിരാശരാണ്. പതിനായിരത്തിലേറെ പേര്‍ തൊഴിലെടുക്കുന്നതാണ് ഖറാഫി നാഷണല്‍ കമ്പനി. മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഇവര്‍ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് ഒരാഴ്ച പിന്നിട്ടപ്പോള്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ കമ്പനി ആസ്ഥാനം ഉപരോധിക്കാനും തയാറായി. എന്നിട്ടും കമ്പനി അധികൃതര്‍ വഴങ്ങുന്ന മട്ടില്ല. സമരവുമായി സഹകരിക്കാത്ത ഉയര്‍ന്ന തലത്തിലെ ജീവനക്കാരുമായി കമ്പനി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു. ഇവരുടെ ശമ്പള കുടിശ്ശിക ഈ മാസം അവസാനം കൊടുത്തുതീര്‍ക്കുമെന്നായിരുന്നു വാഗ്ദാനം. മലയാളികളും തമിഴ്നാട്ടില്‍നിന്നുള്ളവരുമാണ് കമ്പനിയിലെ തൊഴിലാളികളിലധികവും.രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവള നവീകരണമടക്കമുള്ള വന്‍കിട പദ്ധതികളുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ് ഖറാഫി നാഷണല്‍. മൂന്നു മാസം മുതല്‍ ആറുമാസം വരെയുള്ള ശമ്പളം ലഭിക്കാത്തവര്‍ ഇവിടെയുണ്ട്.