ദുബൈ - മുംബൈ വിമാനത്തിന്‍റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി
ദുബൈ വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ പിന്‍ഭാഗത്തെ ടയറാണ് പൊട്ടിയത്. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളായ മലയാളികള്‍ ഉള്‍പ്പടെ 179 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
ദുബൈയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന് ഉയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മലയാളികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ രണ്ടര മണിക്കൂറോളം ആശങ്കയിലാഴ്ത്തിയ അപകടത്തെ തുടര്‍ന്ന് വിമാനം ദുബൈയിലെ മറ്റൊരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നു. വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ദുബൈയില്‍ തുടരുകയാണ്.
ദുബൈ വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ പിന്‍ഭാഗത്തെ ടയറാണ് പൊട്ടിയത്. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളായ മലയാളികള്‍ ഉള്‍പ്പടെ 179 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. പുലര്‍ച്ചെ നാലിന് പുറപ്പെടേണ്ട വിമാനം ഒന്നേകാല്‍ മണിക്കൂര്‍ വൈകി, രാവിലെ 5.15 നാണ് പുറപ്പെട്ടത്. യാത്രക്കിടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് രാവിലെ 7.45 ന് വിമാനം, അടിയന്തരമായി ദുബായിലെ അല്‍ മക്തൂം വിമാനത്താവളത്തില്‍ ഇറക്കി. ടയര്‍ പൊട്ടിയ വലിയ ശബ്ദം താന്‍ കേട്ടതായി വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് സ്വദേശി പ്രഭാകരന്‍ മുല്ലച്ചേരി പറഞ്ഞു.
വിമാനം രണ്ടു വട്ടം നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ദുബായ് പൊലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങീ എല്ലാ സുരക്ഷാ സന്നാഹങ്ങളും അല്‍ മക്തൂം വിമാനത്താവളത്തില്‍ നില ഉറപ്പിച്ച് മുന്‍കരുതലുകള്‍ നടത്തിയാണ് അടിയന്തര ലാന്‍റിംങ് നടത്തിയത്. യാത്രക്കാരോട് സ്‌പൈസ് ജെറ്റ് വിമാന കമ്പനി മോശമായി പെരുമാറിയെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് പുതിയ വിമാനം വന്നതിന് ശേഷം, ശനിയാഴ്ച വൈകീട്ട് സര്‍വീസ് പുനരാരംഭിക്കുമെന്നാണ് യാത്രക്കാരെ ആദ്യം അറിയിച്ചത്. എന്നാല്‍, ആ സര്‍വീസും മുടങ്ങി. ഞായറാഴ്ച രാവിലെ നാലിനുള്ള വിമാനത്തില്‍ ഇവരെ കൊണ്ടു പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.