ഗള്‍ഫ് രാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് കുവൈത്ത് അമീര്‍
ജിസിസി ഐക്യം അനിവാര്യമെന്നും പ്രതിസന്ധി തുടരുന്നത് പലതരത്തിലുള്ള പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും കുവൈത്ത് അമീർ വ്യക്തമാക്കി
പ്രതിബന്ധങ്ങൾ വകവെക്കാതെ ഗള്‍ഫ് രാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് കുവൈത്ത് അമീർ .ജിസിസി ഐക്യം അനിവാര്യമെന്നും പ്രതിസന്ധി തുടരുന്നത് പലതരത്തിലുള്ള പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും കുവൈത്ത് അമീർ വ്യക്തമാക്കി.
ബയാൻ പാലസിൽ അറബ് ഇന്റർനാഷണൽ റിലേഷൻ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സഖറിനു നൽകിയ സ്വീകരണത്തിൽ ആണ് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽസബാഹ് ഗൾഫ് പ്രതിസന്ധി സംബന്ധിച്ച ആശങ്ക പങ്ക് വെച്ചത് . 34 വർഷങ്ങൾക്കു മുൻപ് ഗൾഫ് സഹകരണ കൗൺസിൽ എന്ന കൂട്ടായ്മ രുപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന താനടക്കമുള്ള തലമുറയ്ക്ക് അംഗങ്ങൾക്കിടയിലുടലെടുത്ത അഭിപ്രായ ഭിന്നതകൾ വലിയ പ്രയാസമാണുണ്ടാക്കുന്നത് . സഹോദരങ്ങൾ വീണ്ടും ഒന്നിക്കാതെ തനിക്ക് അടങ്ങിയിരിക്കാൻ കഴിയില്ല . തർക്കം നീണ്ടു പോകുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും അതുകൊണ്ട് തന്നെ ജിസിസി ഐക്യം പുനസ്ഥാപിക്കേണ്ടത് അനിവാര്യതയാണ് . അതിനായുള്ള പരിശ്രമങ്ങൾ അക്ഷീണം തുടരുമെന്നും അമീർ വ്യക്തമാക്കി . അതിനിടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അമീർ നടത്തുന്ന പരിശ്രമങ്ങളെ കുവൈത്ത് മന്ത്രിസഭ അഭിനന്ദിച്ചു. ഗൾഫിലെ സഹോദര രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ അമീർ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുമെന്നും പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തി.