കെഎംസിസി കുവൈത്ത് കമ്മറ്റിയിൽ കൂട്ടരാജി
ജനറൽ സെക്രട്ടറിയും ആക്റ്റിങ് പ്രസിഡണ്ടും ഉൾപ്പെടെ മൂന്നു പ്രധാന ഭാരവാഹികളാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്
മുസ്ലിം ലീഗിന്റെ പോഷക വിഭാഗമായ കെഎംസിസി കുവൈത്ത് കമ്മറ്റിയിൽ കൂട്ടരാജി. ജനറൽ സെക്രട്ടറിയും ആക്റ്റിങ് പ്രസിഡണ്ടും ഉൾപ്പെടെ മൂന്നു പ്രധാന ഭാരവാഹികളാണ് കഴിഞ്ഞ ദിവസം രാജി വെച്ചത് . രാജിക്ക് കാരണം ഭാരവാഹികൾക്കിടയിൽ വിശ്വാസമില്ലായ്മയും ഐക്യക്കുറവുമെന്നു വിശദീകരണം.
കുവൈത്ത് കെ എം സി സി യുടെ 11 അംഗ കേന്ദ്ര കമ്മിറ്റിയിൽ നിന്നാണ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്, ആക്ടിംഗ് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമായ ഫറൂഖ് ഹമദാനി, സെക്രട്ടറി എം.ആര്‍ നാസര്‍ എന്നിവര്‍ രാജിവച്ചത്. രാജിക്കത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും അയച്ചുകൊടുത്തതായി ഇവർ വെളിപ്പെടുത്തി . കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സുഗമമായി നീങ്ങുന്നതിന് പരമാവധി ശ്രമിച്ചെന്നും കമ്മിറ്റിയിലെ ചില അംഗങ്ങളെ ഉപയോഗിച്ച സംഘടനയെ ഹൈജാക് ചെയ്യാനുള്ള മുൻ പ്രസിഡന്റിന്റെ നീക്കം സംഘടനക്കകത്ത് വിഭാഗീയത രൂക്ഷമാക്കിയെന്നാണ് രാജിവെച്ച കേന്ദ്ര കമ്മിറ്റി ഭാരവാഹികളുടെ വാദം നേരത്തെ ഗ്രൂപ് വഴക്കിനെ തുടർന്ന് സംഘടന പിളർപ്പിലേക്ക് നീങ്ങിയപ്പോൾ അന്നത്തെ പ്രസിഡന്റായിരുന്ന ഷെറഫുദീൻ കണ്ണേത്തിന്റെ ഒപ്പം നിന്നവരാണ് ഇപ്പോൾ രാജി സമർപ്പിച്ച മൂന്നുപേരും. ഷെറഫുദീ്ദൻ കണ്ണേത്ത് സംഘടനയെ ഹൈജാക് ചെയ്യുന്നു. എന്നാരോപിച്ചാണ് ഇവിരുടെ രാജി എന്നതും ശ്രദ്ദേയമാണ് . മുൻ വർഷങ്ങളിലും കെ എം സിസിക്കകത്ത് ഗ്രൂപ് പോര് രൂക്ഷമായിരുന്നു സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് മുൻകാലങ്ങളിൽ സമവായം ഉണ്ടാക്കിയത്. പ്രധാന ഭാരവാഹികൾ രാജി വെച്ച സാഹചര്യത്തിൽ KKMC കേന്ദകമ്മിറ്റി യോഗം ചേർന്ന് ആക്ടിംഗ് പ്രസിഡണ്ടായി അസ്‍ലം കുറ്റിക്കാട്, ജനറല്‍ സെക്രട്ടറിയായി സിറാജ് ഇലഞ്ഞിക്കല്‍ എന്നിവരെ തീരുമാനിച്ചതായാണ് വിവരം.