വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഖര്‍ദാവിയുടെ പുസ്തകങ്ങള്‍ സൌദി പിന്‍വലിക്കുന്നു

Update: 2018-04-22 13:50 GMT
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഖര്‍ദാവിയുടെ പുസ്തകങ്ങള്‍ സൌദി പിന്‍വലിക്കുന്നു
Advertising

സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ ഖര്‍ദാവിയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി.

സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഡോ. യൂസുഫുല്‍ ഖര്‍ദാവിയുടെ പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അല്‍ഈസ നിര്‍ദേശം നല്‍കി. സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ ഖര്‍ദാവിയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ ഖര്‍ദാവിക്ക് നല്‍കിയ കിങ് ഫൈസല്‍ അവാര്‍ഡ് തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്കൂള്‍, സര്‍വകലാശാല ലൈബ്രറികളില്‍ നിന്ന് ഡോ. യൂസുഫുല്‍ ഖര്‍ദാവിയുടെ പുസ്തങ്ങള്‍ പിന്‍വലിക്കാനാണ് സൌദി വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അല്‍ഈസ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം സൗദി ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ ഖര്‍ദാവിയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രി അടിയന്തിര സര്‍ക്കുലര്‍ ഇറക്കിയത്. പാര്‍ട്ടി നേതാക്കളുടെയും പിഴച്ച ചിന്താഗതിക്കാരുടെയും പുസ്തകങ്ങള്‍ പുസ്തകം സ്കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Full View

ഇത്തരം പുസ്തകങ്ങള്‍ ലൈബ്രറികളില്‍ അവശേഷിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. രക്ഷിതാക്കളോ ചാരിറ്റി സ്ഥാപനങ്ങളോ ദാനമായി നല്‍കുന്ന പുസ്തകങ്ങള്‍ മന്ത്രാലയത്തിന്റെയും സ്കൂള്‍ മേല്‍നോട്ട സമിതിയുടെയും അനുമതിയില്ലാതെ ലൈബ്രറികളില്‍ സ്വീകരിക്കരുത്. വിദ്യാര്‍ഥികളുടെ ചിന്തയെ അപകടകരമായ രീതിയില്‍ സ്വധീനിക്കുമെന്നതിനാലാണ് ഈ നടപടി എന്നും മന്ത്രി വിശദീകരിച്ചു. അതേസമയം ഖര്‍ദാവിക്ക് 1994ല്‍ നല്‍കിയ കിങ് ഫൈസല്‍ അവാര്‍ഡ് തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചിട്ടില്ളെന്ന് കിങ് ഫൈസല്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. അക്കാദമിക തലത്തിലുള്ള അവാര്‍ഡാണ് ഖര്‍ദാവിക്ക് നല്‍കിയിട്ടുള്ളത്. മറിച്ച വ്യക്തിത്വത്തെ ആദരിക്കാനുള്ള ഹോണററി തലത്തിലുള്ളതല്ല അവാര്‍ഡ് എന്നും അധികൃതര്‍ പറഞ്ഞു.

അറബ്‍രാജ്യങ്ങളുടെ ഭീകര പട്ടികയിലുള്ളവരുടെ അക്കൌണ്ടുകള്‍ മരവിപ്പിക്കുമെന്ന് ബഹ്റൈന്‍

ചില അറബ് രാജ്യങ്ങൾ ചേർന്ന് പ്രസിദ്ധീകരിച്ച ഭീകരപ്പട്ടികയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ബഹ് റൈനിൽ ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നിർദേശം നൽകി. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരരെന്ന് ആരോപിക്കപ്പെട്ടവരുടെ അക്കൗണ്ടുകളിലുള്ള സ്വത്ത് കണ്ടുകെട്ടാനും നിർദേശമുണ്ട്. അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ സെൻ ട്രൽ ബാങ്കിനെ ഉടനടി അറിയിക്കണമെന്നും ബാങ്കുകൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നു. ഭീകരതക്ക് സാമ്പത്തിക പിന്തുണ നൽകുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടിക സൗദി അറേബ്യ, യു.എ.ഇ, ബഹ് റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്നാണ് പ്രസിദ്ധീകരിച്ചത്.

Tags:    

Similar News