ജറുസലേം വിഷയത്തിൽ അമേരിക്ക തീരുമാനം പുനഃപരിശോധിക്കണമെന്നു കുവൈത്ത് അമീർ

Update: 2018-05-11 06:57 GMT
Editor : Jaisy
ജറുസലേം വിഷയത്തിൽ അമേരിക്ക തീരുമാനം പുനഃപരിശോധിക്കണമെന്നു കുവൈത്ത് അമീർ
Advertising

അമേരിക്കയുടെ ഏകപക്ഷീയ നടപടി മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകും

ജറുസലേം വിഷയത്തിൽ അമേരിക്ക തീരുമാനം പുനഃപരിശോധിക്കണമെന്നു കുവൈത്ത് അമീർ . അമേരിക്കയുടെ ഏകപക്ഷീയ നടപടി മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകും. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായം മാനിക്കാൻ യു എസ് ഭരണകൂടം തയ്യാറാകണമെന്നും അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ്ആവശ്യപ്പെട്ടു . തുർക്കി തലസ്ഥാനമായ ഇസ്തംബൂളിൽ ഒ.ഐ.സി അടിയന്തര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

അമ്പതു വർഷങ്ങൾക്കു മുൻപ് മസ്​ജിദുൽ അഖ്സക്കു തീകൊളുത്തിയ സംഭവമാണ് ഒ.ഐ.സിയുടെ രൂപീകരണത്തിന് നിമിത്തമായതെന്ന ആമുഖത്തോടെയാണ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് ഉച്ചകോടിയിൽ തന്റെ പ്രസംഗം ആരംഭിച്ചത് . അതേ മസ്​ജിദുൽ അഖ്സ നിലകൊള്ളുന്ന ഖുദ്സ് പ്രദേശത്തിന്റെ നിലനിൽപ്പിനും പവിത്രതക്കും ഭീഷണി ഉയർത്തുന്നതാണ് ജറുസലേം തലസ്ഥാനമാക്കാനുള്ള ഇസ്രായേൽ നീക്കം 1967 മുതൽ കൈയടക്കിവെച്ച മുഴുവൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്നും അമീർ ആവശ്യപ്പെട്ടു . ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച് എംബസി കെട്ടിടം അവിടേക്ക് മാറ്റാനുള്ള തീരുമാനം അമേരിക്ക പുനഃപരിശോധിക്കണം. ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ഉയരുന്ന വിമർശങ്ങൾ അമേരിക്കയുടെ തീരുമാനത്തിനെതിരെയുള്ള ലോകസമൂഹത്തിന്റെ എതിർപ്പാണ് വ്യക്തമാക്കുന്നത് . ഇത് മാനിക്കാൻ അവർ തയാറാവണം . അന്താരാഷ്ട്ര സമൂഹത്തിന്റെ ഒപ്പം ചേർന്നു ഫലസ്തീൻ മണ്ണിലെ അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രായേലിനു മേൽ സമ്മർദ്ദം ചെലുത്തുന്ന അമേരിക്ക ചെയ്യേണ്ടത് . ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം നിലവിൽ വന്നാൽ മാത്രമേ മേഖലയിലെ സമാധാനം പൂർണമാകൂ ഏകപക്ഷീയ നടപടികൾ പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും തീരുമാനത്തിൽ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാൻ എല്ലാ സുഹൃദ് രാഷ്ട്രങ്ങളും സമ്മർദ്ദം ചെലുത്തണമെന്നും കുവൈത്ത് അമീർ ആഹ്വാനം ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News