സൗദിയില്‍ വനിതാ ടാക്സിയും നിലവില്‍ വരുമെന്ന് ഉറപ്പായി
1000 സ്വദേശി വനിതകള്‍ക്ക് ടാക്സി, ഡ്രൈവിങ് പരിശീലനത്തിന് കരാര്‍ ഒപ്പുവെച്ചതായി കരീം കമ്പനിയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ വനിതാ ടാക്സിയും നിലവില്‍ വരുമെന്ന് ഉറപ്പായി. 1000 സ്വദേശി വനിതകള്‍ക്ക് ടാക്സി, ഡ്രൈവിങ് പരിശീലനത്തിന് കരാര്‍ ഒപ്പുവെച്ചതായി കരീം കമ്പനിയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സല്‍മാന്‍ രാജാവ് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 24ന് വനിത ഡ്രൈവിങ് അനുമതി പ്രാബല്യത്തില്‍ വരും. സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ടാക്സി രംഗത്തേക്ക് വനിതകള്‍ക്ക് അവസരം നല്‍കുമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയവും ഗതാഗത മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ കരീം ടാക്സിയുടെ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ 70 ശതമാനവും സ്ത്രീകളാണെന്നാണ് കണക്ക്. ഊബര്‍ ടാക്സിയുടെ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ 80 ശതമാനവും സ്ത്രകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ വനിത ടാക്സിക്ക് രാജ്യത്ത് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സ്വദേശിവനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം പ്രത്യേക പ്രോല്‍സാഹനവനും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുഗതാഗത സംവിധാനം വ്യാപകവും കാര്യക്ഷമവുമാവുന്നത് വരെ സൗദിയി വനിത ടാക്സിക്ക് വന്‍ സാധ്യതയുണ്ടെന്നാണ് തൊഴില്‍, സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.