ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ക്യാന്‍വാസിലാക്കുന്ന 'ബേബി ആര്‍ട്സ്'
മസ്‌കത്തിലെ മത്രയില്‍ സ്‌ക്രീന്‍ പ്രിന്റിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് സാമൂഹിക മാധ്യമങ്ങളില്‍ സ്വദേശികളും വിദേശികളുമായി ആരാധകര്‍ ഏറെയാണ്
ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടു ക്യാന്‍വാസിലേക്കു പകര്‍ത്തുകയാണ് തൃശ്ശൂര്‍ പെരിഞ്ചേരി സ്വദേശി ബേബി വര്‍ഗീസ്. മസ്‌കത്തിലെ മത്രയില്‍ സ്‌ക്രീന്‍ പ്രിന്റിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് സാമൂഹിക മാധ്യമങ്ങളില്‍ സ്വദേശികളും വിദേശികളുമായി ആരാധകര്‍ ഏറെയാണ്.
ജോലിയുടെ ഇടവേളകളില്‍ വര ഒരു ഹരമായി കൊണ്ടു നടക്കുകയാണ് ബേബി വര്‍ഗീസ് എന്ന കലാകാരന്‍. ചിത്ര കലയുടെ എല്ലാ രീതികളും വഴങ്ങുമെങ്കിലും ഏറെ ശ്രമകരമായ പെന്‍സില്‍ ഡ്രോയിങിലാണ് അധിക വരകളും. പ്രശസ്ത വ്യക്തികളെ ക്യാന്‍വാസില്‍ പകര്‍ത്താനാണ് ഏറെ താല്‍പര്യം. മനസ്സില്‍ ഇഷ്‍ടം തോന്നുന്നവരെ പെന്‍സില്‍ വരയിലൂടെ ഒറ്റയിരുപ്പില്‍ കടലാസിലേക്ക് പകര്‍ത്താനുള്ള ഈ കലാകാരന്റെ മിടുക്ക് ശ്രദ്ധേയമാണ്. ഒരു പോര്‍ട്രെയ്റ്റ് വരച്ചു തീര്‍ക്കാന്‍ മൂന്നു മണിക്കൂറിന്റെ കഠിന ശ്രമം ആവശ്യമാണ്. പ്രകൃതിയുടെയും മൃഗങ്ങളുടേയുമൊക്കെ ചിത്രങ്ങള്‍ വരക്കുന്നതിനേക്കാള്‍ ശ്രമകരമാണ് പ്രശസ്തരുടെ ചിത്രങ്ങള്‍ വരക്കുന്നതിനെന്നും ബേബി വര്‍ഗീസ് പറയുന്നു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്, മദര്‍തെരേസ, പോപ്, മമ്മൂട്ടി, കമലാഹാസന്‍ തുടങ്ങി കബാലിയുടെ വരെ ചിത്രങ്ങള്‍ വരച്ചു വെച്ചിട്ടുണ്ട് ഈ കലാകാരന്‍. ഫോട്ടോയിലെ ഭാവങ്ങളെ ക്യാന്‍വാസിലേക്കു പകര്‍ത്തുമ്പോള്‍ മാറ്റം വരാതിരിക്കാന്‍ അതീവ ശ്രദ്ധ ആവശ്യമാണെന്ന് ബേബി വര്‍ഗീസ് പറയുന്നു. കുട്ടികാലം മുതലേ ചിത്രങ്ങള്‍ വരക്കാറുള്ള ഇദ്ദേഹം പഠന കാലത്തു ചിത്ര രചന മത്സരങ്ങളില്‍ നിന്നും നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയിട്ടുള്ളത്. പെന്‍സില്‍ ഡ്രോയിങ്ങിനു പുറമെ വാട്ടര്‍ കളര്‍, ഓയില്‍ കളര്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം 3D പെയിന്റിങ് കൂടി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ തന്റെ ചിത്ര ശേഖരങ്ങള്‍ ഉപയോഗിച്ചു മസ്‌കത്തിലും നാട്ടിലുമായി ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് ബേബി വര്‍ഗീസ്.