ഒഡീഷയില്‍ ആംബുലന്‍സ് സേവന പദ്ധതിയുമായി ദുബൈ കെഎംസിസി
ആംബുലന്‍സ് നല്‍കുകയോ, ആംബുലന്‍സ് സേവനത്തിന്റെ തുക വഹിക്കുകയോ ചെയ്യുന്ന വിധമാകും പദ്ധതി നടപ്പാക്കുക...
ഇന്ത്യയിലെ ഒഡീഷയില്‍ ആംബുലന്‍സ് സേവനത്തിന് ദുബൈ കെഎംസിസി പദ്ധതി തയാറാക്കുന്നു. ആംബുലന്‍സില്ലാത്തതിനാല്‍ മൃതദേഹവും വഹിച്ച് കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന ഒഡീഷയിലെ ഗ്രാമീണരെ കുറിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി.
യുഎഇയിലെ ദൗത്യകാലം പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ടിപി സീതാറാമിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങിലാണ് ഒഡീഷയിലെ ആംബുലന്‍സ് സേവനം എത്തിക്കാനുള്ള പദ്ധതി കെഎംസിസി പ്രഖ്യാപിച്ചത്. ആംബുലന്‍സ് നല്‍കുകയോ, ആംബുലന്‍സ് സേവനത്തിന്റെ തുക വഹിക്കുകയോ ചെയ്യുന്ന വിധമാകും പദ്ധതി നടപ്പാക്കുക. വിദേശകാര്യസേവനത്തില്‍ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി പി സീതാറാം മുഖേനയായിരിക്കും ഇത് നടപ്പാക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.
ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവുമായി നടന്നു നീങ്ങുന്ന ദാന മാഞ്ചി എന്ന ഗ്രാമീണന്റെ വാര്‍ത്ത ഗള്‍ഫിലെ അറബ് മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. വാര്‍ത്തയറിഞ്ഞ ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. ഒഡീഷയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് കെഎംസിസിയുടെ പദ്ധതി പ്രഖ്യാപിച്ചത്. കെഎംസിസിയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തെ അംബാസഡര്‍ ടിപിസീതാറാം അഭിനന്ദിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് യോഗം ഉദ്ഘാടനം ചെയ്യരുത്.