സുപ്രധാന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ യുഎഇയും റഷ്യയും തമ്മില്‍ ധാരണ
തീവ്രവാദം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ നേരിടാന്‍ അന്തര്‍ദേശീയ തലത്തില്‍ കൂടുതല്‍ ഐക്യം ആവശ്യമാണെന്നും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ വ്യക്തമാക്കി.
സുപ്രധാന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ യുഎഇയും റഷ്യയും തമ്മില്‍ ധാരണ. തീവ്രവാദം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ നേരിടാന്‍ അന്തര്‍ദേശീയ തലത്തില്‍ കൂടുതല്‍ ഐക്യം ആവശ്യമാണെന്നും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ വ്യക്തമാക്കി.
റഷ്യയില്‍ എത്തിയ അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ രൂപപ്പെട്ടത്. ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരേണ്ട നിര്‍ണായക ഘട്ടമാണിതെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. വാണിജ്യ രംഗത്ത് കൂടുതല്‍ മികച്ച ചുവടുവെപ്പുകള്‍ നടത്താനും റഷ്യ-യു.എ.ഇ ചര്‍ച്ചയില്‍ തീരുമാനിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ ഏതു നിലക്കുള്ള സഹകരണം നല്‍കാനും തങ്ങള്‍ ഒരുക്കമാണെന്ന് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞു. സിറിയയില്‍ നിന്ന് പിന്‍വാങ്ങിയ റഷ്യന്‍ നടപടിയെ യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ അഭിനന്ദിച്ചതിന് തൊട്ടു പിന്നാലെയാണ് ശൈഖ് മുഹമ്മദിന്‍റെ മോസ്കോ സന്ദര്‍ശനം. പോയ വാരം റഷ്യയില്‍ ഫ്ലൈ ദുബൈ വിമാനം തകരാനിടയായ സംഭവം ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ തങ്ങള്‍ പങ്കു ചേരുന്നതായി ഇരുവരും വ്യക്തമാക്കി.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദേശീയ സുരക്ഷാ ഉപദേശകന്‍ ശൈഖ് താനൂന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്റോവ് എന്നിവരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.