സൌദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പതിനാലാം ഘട്ടം ഇന്ന് ആരംഭിക്കും
20 മുതല്‍ 29 വരെ ജീവനക്കാരുള്ള കമ്പനികളിലെ 10 ലക്ഷത്തിലേറെ പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും
സൌദിയില്‍ സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് ശമ്പളം കൃത്യ സമയത്ത് ഉറപ്പു വരുത്തുന്ന വേതന സുരക്ഷാ പദ്ധതിയുടെ പതിനാലാം ഘട്ടം ഇന്ന് ആരംഭിക്കും. 20 മുതല്‍ 29 വരെ ജീവനക്കാരുള്ള കമ്പനികളിലെ 10 ലക്ഷത്തിലേറെ പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ശമ്പളം വൈകിച്ചാല്‍ വന്‍തുക പിഴ കമ്പനികളില്‍ നിന്ന് ഈടാക്കും.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണ് വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. 20 മുതൽ 29 വരെ ജീവനക്കാരുള്ള പതിനായിരത്തിലേറെ സ്വകാര്യ സ്ഥാപനങ്ങളുണ്ട് സൌദിയില്‍. ഇവിടുത്തെ പത്ത് ലക്ഷത്തിലേറെ വരുന്ന ജീവനക്കാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. കൃത്യസമയത്ത് തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ തൊഴിൽ മേഖലയിലെയും വേതന നിലവാരം നിർണയിക്കല്‍, തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങൾ കുറക്കല്‍ എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. കൃത്യസമയത്ത് തൊഴിലാളികൾക്ക് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങൾക്ക് ഒരു തൊഴിലാളിക്ക് 3,000 റിയാൽ എന്ന തോതിൽ പിഴ ചുമത്തും.
ശമ്പളം രണ്ടു മാസം വൈകിയാല്‍ കമ്പനിയുടെ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കും. മൂന്നു മാസം വൈകിയാല്‍ സ്ഥാപനങ്ങൾക്ക് എല്ലാ സേവനങ്ങളും വിലക്കും. ഒപ്പം ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിനും അനുവാദമുണ്ട്. മെച്ചപ്പെട്ട തൊഴിലവസരമാണ് ഇതിലൂടെ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നത്. രാജ്യത്തൊട്ടാകെ 20 ലക്ഷത്തിലേറെ പേര്‍ നിലവില്‍ പദ്ധതിയുടെ ഗുണം അനുഭവിക്കുന്നുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടങ്ങള്‍ ആഗസ്റ്റ് ,നവംബര്‍ മാസങ്ങളില്‍ പ്രാബല്യത്തില്‍ വരും.