പ്രവാസി സംരംഭത്തിലെ ദുരനുഭവം പങ്കുവെച്ച് അഹ്മദ് ബഷീര്‍
പ്രവാസികളെല്ലാം സമ്പന്നരാണെന്ന കാഴ്ചപ്പാട് സമൂഹം മാറ്റണമെന്നും സംരംഭകരോട് തുറന്ന മനസോടെ സഹകരിക്കണമെന്നുമാണ് ഈ പ്രവാസിയുടെ അഭ്യര്‍ഥന.
ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്ന് നാട്ടില്‍ കൊച്ചു സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ തങ്ങളിലൊരാളായി കണ്ടുള്ള പൂര്‍ണ സഹകരണമാണ് പ്രവാസികള്‍ കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മറിച്ചുള്ള അനുഭവമാണ് ബഹ്‌റൈനിലെ അഹ്മദ് ബഷീറിന് പറയാനുള്ളത്.
28 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ നാട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്യമെന്ന മോഹമായിരുന്നു അഹ്മദ് ബഷീറിന്. ജന്മനാട്ടില്‍ ഒരു ഗ്രോസറി തുടങ്ങിയപ്പോള്‍ പലവിധ എതിര്‍പ്പുകളായിരുന്നു ഫലം. ഒടുവില്‍ സംരംഭക സ്വപ്നങ്ങളെല്ലാം അവസാനിപ്പിച്ച് വീണ്ടും ഗള്‍ഫിലേക്ക് വിമാനം കയറേണ്ടി വന്നു.
ഷോപ്പിലേക്ക് സാധനങ്ങള്‍ കൊണ്ടുവരാനായി ഒരു വാഹനം വാങ്ങിയതാണ് ഈ കാസര്‍കോട് ജില്ലക്കാരന് വിനയായത്. കടയിലെ സെയില്‍സ് മാനായിരുന്ന ഡ്രൈവര്‍ അന്യനാട്ടുകാരനാണെന്ന കാരണം പറഞ്ഞ് വാഹനം ഓടിക്കുന്നത് ചിലര്‍ തടഞ്ഞു. പിന്നെ എതിര്‍പ്പുകളുടെ പരമ്പരയായിരുന്നു. പ്രവാസികളെല്ലാം സമ്പന്നരാണെന്ന കാഴ്ചപ്പാട് സമൂഹം മാറ്റണമെന്നും സംരംഭകരോട് തുറന്ന മനസോടെ സഹകരിക്കണമെന്നുമാണ് ഈ പ്രവാസിയുടെ അഭ്യര്‍ഥന.