ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾക്കു കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം
കുവൈത്തിലെ തെരഞ്ഞെടുക്കപ്പെട്ട രക്തദാതാക്കളോടും സംഘടനകളോടും ഒപ്പമാണ് ബ്ലഡ് ഡോണേഴ്സ് കേരളയും ആദരിക്കപ്പെട്ടത്
രക്തദാതാക്കളുടെ കൂടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾക്കു കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. ലോകരക്തദാന ദിനാചരണത്തിന്റെ ഭാഗമായി കുവൈത്തിലെ സിംഫണി ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മാജിദാ അൽ-ഖത്താൻ ബിഡികെ പ്രവർത്തകർക്ക് പ്രശസ്തി ഫലകം കൈമാറി .
കുവൈത്തിലെ തെരഞ്ഞെടുക്കപ്പെട്ട രക്തദാതാക്കളോടും സംഘടനകളോടും ഒപ്പമാണ് ബ്ലഡ് ഡോണേഴ്സ് കേരളയും ആദരിക്കപ്പെട്ടത്. ബിഡികെ കുവൈത്ത് ടീമിനെ പ്രതിനിധീകരിച്ച് കോർഡിനേറ്റർമാരായ രഘുബാൽ തെങ്ങും തുണ്ടിൽ, മുരളി എസ് പണിക്കർ, യാസിർ എ. പതിയിൽ എന്നിവർ പ്രശസ്തിഫലകം ഏറ്റുവാങ്ങി.
രാജ്യാന്തര ഇടപെടലുകളിലൂടെ അപൂർവമായ മുംബൈ ഗ്രൂപ്പിൽ പെട്ട രക്തദാതാവിനെ ഖത്തറിൽ നിന്ന് എത്തിക്കാൻ ബിഡികെ കുവൈത്ത് ടീം നടത്തിയ പ്രവർത്തനങ്ങളെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. റീം അൽ-റൗദാൻ ചടങ്ങിൽ എടുത്തു പറഞ്ഞു 2011 ൽ വിനോദ് ഭാസ്കരൻ എന്ന സാമൂഹ്യ പ്രവർത്തകൻ കേരളത്തിൽ രൂപം നൽകിയ നവമാധ്യമ കൂട്ടായ്മയാണ് ബ്ലഡ് ഡോണേഴ്സ് കേരള; സന്നദ്ധ രക്തദാന പ്രചാരണ പ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ സജീവ സാന്നിധ്യമായ കൂടായ്മക്കു കുവൈത്തിൽ മാത്രം ഇരുപത്തഞ്ചോളം മുഴുവൻ സമയ കോർഡിനേറ്റർമാരും, രണ്ടായിരത്തി അഞ്ഞൂറോളം രജിസ്റ്റേർഡ് ഡോണേഴ്‌സുമുണ്ട്.