കുവൈത്ത് പൊതുമാപ്പ്; ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 4000ത്തോളം പേർ മാത്രം
10,000ത്തിലേറെ പേർ പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുമുണ്ട്
കുവൈത്തിൽ പൊതുമാപ്പ് പ്രാബല്യത്തിലായത്തിനു ശേഷം കഴിഞ്ഞ ആറുദിവസങ്ങളിൽ ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 4000ത്തോളം പേർ മാത്രം. നാടു വിട്ടവരുടെയും താമസം നിയമപരമാക്കിയവരുടെയും ചേർത്തുള്ള കണക്കാണിത്. 10,000ത്തിലേറെ പേർ പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുമുണ്ട്.
2000 ഇന്ത്യക്കാരാണ് കഴിഞ്ഞ ആറു ദിവസങ്ങൾക്കിടെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 1000 ഈജിപ്തുകാരും 500 ഫിലിപ്പീൻ പൗരന്മാരും 400 ബംഗ്ലാദേശുകാരും ഈ കാലയളവിൽ നാടുവിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്തിട്ടുണ്ട് . പൊതുമാപ്പ് പ്രാബല്യത്തിലായ ദിവസം 200 പേരും രണ്ടാം ദിവസം 250 പേരുമാണ് വിമാനത്താവളം വഴി കയറിപ്പോയത്. രേഖകൾ ശരിയാക്കുന്നതിലുള്ള താമസമാണ് ആദ്യ ദിവസങ്ങളിൽ എണ്ണം കുറയാൻ കാരണം. വരുംദിവസങ്ങളിൽ നാടുവിടുന്നവരുടെ വൻ ഒഴുക്കുണ്ടാവുമെന്നാണ് കരുതുന്നത്. ഔട്ട്പാസിനായി വിവിധ രാജ്യങ്ങളുടെ എംബസികളിലും എമിഗ്രേഷൻ ഓഫീസിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വലിയ ചോദ്യംചെയ്യലോ സങ്കീർണമായ നടപടികളോ കൂടാതെയാണ് വിമാനത്താവളം വഴി പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി പോവുന്നവരെ അയക്കുന്നത്. 154,000 അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വെച്ചുനോക്കുമ്പോൾ ഇതുവരെ ഇളവ് പ്രയോജനപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവാണ്. അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ മാർച്ച് തുടക്കത്തിൽ വ്യാപക പരിശോധനക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്നതിന് തടസ്സമില്ല. എന്നാൽ, അതുകഴിഞ്ഞ് പരിശോധനയിൽ പിടിക്കപ്പെട്ടാൽ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഫിംഗർ പ്രിന്റ് എടുത്തു നാടുകടത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.