വനിതാശാക്തീകരണത്തിന്റെ മഹത്തായ മാതൃകയായി ഖുര്‍റ പദ്ധതി
ജോലിക്കാരായ സ്ത്രീകളെ ഓഫീസിലേക്കും തിരികെ വീട്ടിലെത്തിക്കുന്നതുമാണ് ഇതില്‍ പ്രധാനം
വനിതാശാക്തീകരണത്തിന്റെ മഹത്തായ മാതൃകയാവുകയാണ് സൌദി സര്‍ക്കാരിന്റെ ഖുര്‍റ പദ്ധതി. ജോലിക്കാരായ സ്ത്രീകളെ ഓഫീസിലേക്കും തിരികെ വീട്ടിലെത്തിക്കുന്നതുമാണ് ഇതില്‍ പ്രധാനം. ഒപ്പം ജോലിക്കാരുടെ കുട്ടികളെ സംരക്ഷിക്കാന്‍ 223 പരിചരണ കേന്ദ്രങ്ങളും തയ്യാറാകുന്നുണ്ട്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ പ്രധാന പ്രതിസന്ധിയാണ് ജോലിസ്ഥലത്തേക്കുള്ള യാത്ര. ഖുര്‍റ പദ്ധതി വഴി ജോലിസ്ഥലത്തേക്കും തിരിച്ചും സ്ത്രീകളെ സുരക്ഷിതമായി എത്തിക്കുകയാണ് സര്‍ക്കാര്‍. ജോലി സ്ഥലത്ത് കുട്ടികളെ പരിചരിക്കാനുള്ള കേന്ദ്രങ്ങളാണ് ഖുര്‍റയിലെ രണ്ടാമത്തെ പ്രധാന പദ്ധതി. 223 കേന്ദ്രങ്ങളാണ് പുതുതായി പ്രഖ്യാപിച്ചത്. നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്. സൌദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന് കീഴിലെ രണ്ട് പദ്ധതിയിലും 1000 റിയാലാണ് മാസാന്ത ഫീസ്. ഇതില്‍ 800 റിയാലും സര്‍ക്കാര്‍ വഹിക്കും. ഇതിനകം പതിനയ്യായിരത്തിലേറെ പേര്‍ പദ്ധതിയില്‍ ചേര്‍ന്നു കഴിഞ്ഞു. വനിതാ ശാക്തീകരണത്തിന്റെ ഉജ്ജ്വല മാതൃകയാവുകയാണ് ഖുര്‍റ.