ഒമാനിലെ ഈ ഗാരേജിന്റെ വാതിലുകൾ ഇനി തുറക്കുകയില്ല
ഇത് തുറക്കേണ്ട ആളാണ് ഈയിടെ സി പി ഐ പ്രവര്‍ത്തകരുടെ കൊടികുത്തിനെ തുടര്‍ന്ന് പുനലൂരില്‍ മരിച്ച സുഗതന്‍
നാട്ടില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കടുത്ത പ്രതിസന്ധിയാണ് കേരളത്തില്‍ നേരിടേണ്ടി വരുന്നത്. പ്രവാസ ജീവിത കാലത്ത് എല്ലാവര്‍ക്കും സഹായവുമായി ഓടിയെത്തിയിരുന്ന ആളാണ് ഈയിടെ പുനലൂരില്‍ മരിച്ച സുഗതന്‍. സി പി ഐ പ്രവര്‍ത്തകരുടെ കൊടികുത്തിനെ തുടര്‍ന്ന് പുതുതായി തുടങ്ങിയ വര്‍ക്ക്ഷോപ്പ് തുറക്കാനാകാതെയാണ് സുഗതന്‍ മരിച്ചത്. ഒമാനിലെ ഇബ്രിയിൽ 40 വര്‍ഷം ഗാരേജ് നടത്തി യ പരിചയവുമായാണ് സുഗതന്‍ നാട്ടിലേക്ക് മടങ്ങിയത്.
ഇബ്രിക്കടുത്തുള്ള എംഗളിൽ സ്ഥിതി ചെയ്യുന്ന ഈ ഗാരേജിന്റെ വാതിലുകൾ ഇനി തുറക്കുകയില്ല. ഇവിടെ ആരും കൊടി കുത്തിയത് കൊണ്ടല്ല. എന്നാൽ ഇത് തുറക്കേണ്ട സുഗതൻ കൊടികുത്ത് സമരത്തെ തുടർന്ന് ജീവനൊടുക്കിയതിനാലാണ്.
ഈ മരുഭൂമിയിൽ നാല്പത് വർഷത്തോളം പ്രവാസിയായിരുന്നു സുഗതൻ കഴിവുറ്റ മെക്കാനിക്കുമായിരുന്നു. നാട്ടിൽ ഒരു ഗാരേജ് പണിത് മകനെ ഏല്‍പിച്ച് വൈകാതെ നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.
പ്രതിസന്ധികളിൽ പതറാത്ത മനക്കരുത്തുള്ള ആളായിരുന്നുവെന്ന് സുഹ്യത്തുക്കൾ പറഞ്ഞു. സ്വദേശികൾ ഉൾപ്പടെയുള്ളവർക്ക് ഇദ്ദേഹത്തിന്റെ മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല.