എണ്ണ മേഖലയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യ-യു.എ.ഇ തീരുമാനം

രാജ്യം നേരിടുന്ന ഭാവി ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഗൾഫ്​ മേഖലയിലെ പ്രധാന എണ്ണ കമ്പനികളുമായി ധാരണയിലെത്താനാണ്​ ഇന്ത്യയുടെ തീരുമാനം

Update: 2018-06-27 02:14 GMT
Advertising

എണ്ണ മേഖലയിൽ കൂടുതൽ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാൻ ഇന്ത്യയും യു.എ.ഇയും തീരുമാനിച്ചു. രാജ്യം നേരിടുന്ന ഭാവി ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഗൾഫ്​ മേഖലയിലെ പ്രധാന എണ്ണ കമ്പനികളുമായി ധാരണയിലെത്താനാണ്​ ഇന്ത്യയുടെ തീരുമാനം. അബൂദബിയിലെ അഡ്​നോകിനു പുറമെ സൗദിയിലെ അരാംകോ എണ്ണ കമ്പനിയുമായും കരാർ രൂപപ്പെടുത്താൻ കഴിഞ്ഞത്​ ഇന്ത്യക്ക്​ വലിയ നേട്ടമാകും.

മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആരംഭിക്കുന്ന റിഫൈനറി, പെട്രോ കെമിക്കൽ കോംപ്ലക്​സിൽ അബൂദബി നാഷനൽ ഓയിൽ കമ്പനിയും സൗദി അരാംകോ എന്നിവ മുതൽ മുടക്കും. ഡൽഹിയിൽ നടന്ന ചടങ്ങിൽ 161 ബില്യൻ ചെലവു വരുന്ന പദ്ധതിയിലെ സഹകരണം സംബന്ധിച്ച ധാരണയിൽ അഡ്​നോക് അരാംകോ പ്രതിനിധികൾ ഒപ്പുവെച്ചു. രത്​നഗിരി ​റിഫൈനറി ആന്റ്​ പെട്രോകെമിക്കൽസ്​ ലിമിറ്റഡ്​ എന്ന സംരംഭത്തിന്റെ 50 ശതമാനം ഓഹരി ഇരു സ്ഥാപനങ്ങൾക്കും ചേർന്നാവും. ബാക്കി പകുതി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത്​ പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ കൂട്ടായ്മക്കുമാകും ലഭിക്കുക.

യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ്​ ഈ സുപ്രധാന ധാരണ ഒപ്പുവയ്ക്കപ്പെട്ടത്​. പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാനും സംബന്ധിച്ചു. യു.എ.ഇയും സൗദിയും ഇന്ത്യയും തമ്മിലെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സഹകരണം വഴിയൊരുക്കുമെന്ന്​ ശൈഖ്​ അബ്ദുല്ല അഭിപ്രായപ്പെട്ടു. അഡ്​നോകുമായി നേരത്തെ രൂപപ്പെടുത്തിയ കരാർ പ്രകാരം മംഗലാപുരം റിഫൈനറി​യിലേക്ക്​ അബൂദബിയിൽ നിന്ന്​ അടുത്തിടെ എണ്ണ എത്തിക്കാനും ഇന്ത്യക്ക്​ സാധിച്ചിരുന്നു.

Tags:    

Similar News