വിവിധമേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഒമാനും ഇന്ത്യയും
ഒമാനിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി കയറ്റുമതി സുഗമമാക്കുന്നതിന്റെ മാർഗങ്ങളും ഒമാനിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതും യോഗത്തിൽ ചർച്ചയായി.
സാമ്പത്തിക, വാണിജ്യ, സേവന, നിക്ഷേപ മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ എട്ടാമത് ഒമാനി, ഇന്ത്യ സംയുക്ത കമ്മിറ്റി യോഗത്തിൽ ധാരണ. വ്യവസായ, വാണിജ്യ മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ഒമാനി സംഘത്തെ വ്യവസായ, വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയും ഇന്ത്യൻ സംഘത്തെ വ്യവസായ വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമാണ്നയിച്ചത്.
ഒമാനിലെ ഖനന മേഖലയിൽ ലഭ്യമായിട്ടുള്ള അവസരങ്ങൾക്ക് ഒപ്പം വിവര സാങ്കേതികത അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ള ബിസിനസുകാരുടെ വിജയകരമായ പ്രവർത്തി പരിചയം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. യോഗത്തിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ ചർച്ച ചെയ്തതായി ഒമാൻ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദി പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി കയറ്റുമതി സുഗമമാക്കുന്നതിന്റെ മാർഗങ്ങളും യോഗത്തിൽ ചർച്ചയായി. ഒമാനിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഈ വർഷം അവസാനത്തോടെ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 2.5 ശതകോടി ഡോളറിന്റെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു. ഇന്ത്യയിൽ നിന്ന് 1.4 ശതകോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തതായും മന്ത്രി സുനൈദി പറഞ്ഞു.
ഒമാനും ഇന്ത്യയുമായുള്ള ചരിത്രപരവും പഴക്കമുള്ളതുമായ ബന്ധം വർധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കിഴക്കൻ ആഫ്രിക്കൻ വിപണികളെ ലക്ഷ്യമിട്ട് കൂടുതൽ ഒമാൻ, ഇന്ത്യ സംയുക്ത സംരംഭങ്ങൾ യാഥാർഥ്യമാകുന്നുണ്ട്. ഇരു രാഷ്ട്രങ്ങളുടെയും അംബാസഡർമാർ അടക്കമുള്ളവരും യോഗത്തിൽ സംബന്ധിച്ചു.