യൂസഫലിയുടെ ഇടപെടൽ തുണയായി: അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച മലയാളിക്ക് മോചനം
കഴിഞ്ഞ 9 വര്‍ഷമായി അബുദബി ജയിലില്‍ കഴിയുകയായിരുന്നു ബെക്സ് കൃഷ്ണന്‍.
അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് ഒടുവില്‍ മോചനം. എം.എ. യൂസഫലിയുടെ ഇടപെടലാണ് ബെക്സ് കൃഷ്ണന് തുണയായത്.
അബുദാബി മുസഫയിൽ ബെക്സ് കൃഷ്ണന് ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട 45കാരനായ ബെക്സ് കൃഷ്ണന് വധശിക്ഷ വിധിച്ചത്. 2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിൻ ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായത്. 2013ലാണ് ബെക്സിന് അബുദാബി കോടതി വധശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷമായി അബുദബി ജയിലില്‍ കഴിയുകയായിരുന്നു ബെക്സ് കൃഷ്ണന്‍. കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയുടെ ഇടപെടലാണ് ഇപ്പോള്‍ ബെക്സിന്റെ മോചനം സാധ്യമാക്കിയത്.
അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി ഒരു കോടി രൂപ ( 5 ലക്ഷം ദിർഹം) നൽകിയതിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്. കഴിഞ്ഞ ജനുവരിയില്‍ ഈ തുക എം എ യൂസഫലി കോടതിയില്‍ കെട്ടിവെച്ചു. ഇനി നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചാല്‍ 3 ദിവസത്തിനുള്ളില്‍ ബെക്സ് കൃഷ്ണന് ജയില്‍ മോചിതനാകാം.