യു.എ.ഇയിൽ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ കുറഞ്ഞത് രണ്ടുവർഷം തടവ്; മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
കേസിന്റെ ഗൗരവം അനുസരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനുള്ള തടവ് ശിക്ഷ കൂടും
Update: 2021-06-05 02:29 GMT
യു.എ.ഇയിൽ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് കുറഞ്ഞത് രണ്ടുവർഷം തടവുശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. കേസിന്റെ ഗൗരവം അനുസരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനുള്ള തടവ് ശിക്ഷ കൂടും.
പൊലീസ് പിടിയിലായാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. കസ്റ്റഡിയിൽ നിന്നോ അറസ്റ്റിൽ നിന്നോ തടവിൽ നിന്നോ രക്ഷപ്പെടാൻ ശ്രമിച്ചാൽ കുറഞ്ഞത് രണ്ടുവർഷമാണ് തടവ് ലഭിക്കുക.
രണ്ടിൽ കൂടുതൽ പേർ പങ്കാളികളായ കേസ്, ഭീഷണിപ്പെടുത്തലും, അക്രമവും ഉൾപ്പെട്ട കേസ് എന്നിവയിൽ നടപടികൾ കടുക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസിലും മറ്റുമാണെങ്കിൽ തടവ് അഞ്ചുവർഷം വരെ നീളുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.