വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ബെക്സ് കൃഷ്ണൻ ഉടൻ ജയിൽ മോചിതനാകും; തുണയായത് യൂസുഫലി
നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാരേഖയായ 'ഔട്ട്പാസ്' ഇന്ത്യൻ എംബസി കൈമാറി
എട്ട് വർഷമായി അബൂദബി ജയിലിൽ കഴിഞ്ഞ ബെക്സ് കൃഷ്ണൻ രണ്ട് ദിവസത്തിനുള്ളിൽ മോചിതനാകും. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാരേഖയായ 'ഔട്ട്പാസ്' ഇന്ത്യൻ എംബസി കൈമാറി. ഇനി അവസാനവട്ട നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
അൽ വത്ബ ജയിലിനും തൂക്കുമരത്തിനുമിടയിലെ നൂൽപാലത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു തൃശൂർ പുത്തൻചിറ ചെറവട്ട ബെക്സ് കൃഷ്ണൻ. അൽ വത്ബ ജയിലിൽ തുടരുന്ന ബെക്സിന് അധികൃതർ ഔട്ട്പാസ് കൈമാറി. സുഡാനി ബാലന്റെ അപകട മരണത്തെ തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട ബെക്സിന് വ്യവസായി എം.എ.യൂസുഫലിയാണ് തുണയായത്.
കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് ഒത്തുതീർപ്പാക്കിയ യൂസുഫലി കോടതിയിൽ അടക്കാൻ ഒരു കോടി രൂപ ദിയാദനവും നൽകിയിരുന്നു. ബെക്സിന്റെ മടങ്ങിവരവും കാത്ത് നാട്ടിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസമേകിയാണ് ഔട്ട്പാസ് ലഭിച്ചിരിക്കുന്നത്. കോടതി നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുറത്തിറങ്ങാനാകും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ അറിയിച്ചു.