'വിസ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇ തുണയാകും'; നാട്ടിൽ കുടുങ്ങിയവർക്ക് ആശങ്ക വേണ്ടെന്ന് ഇന്ത്യ
യാത്ര വിലക്കിൽ ആവശ്യമായ നടപടികൾ യു.എ.ഇ കൈക്കൊള്ളും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ
യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതിൽ ആശങ്ക വേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ.അമൻ പുരി. ദുബൈയിൽ മാധ്യമ പ്രവർത്തകർക്ക് മുമ്പാകെയാണ് കോൺസുൽ ജനറൽ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ യു.എ.ഇ കൈക്കൊള്ളും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
യു.എ.ഇയിൽ എത്താൻ പറ്റാതെ നാട്ടിൽ കുടുങ്ങിയവരിൽ വിസ കാലാവധി അവസാനിക്കാറായവർ ഏറെയുണ്ടെന്നും അവർ തികഞ്ഞ ആശങ്കയിലാണെന്നും യു.എ.ഇ അധികൃതർക്ക് മുമ്പാകെ അറിയിച്ചതായി ഡോ. അമൻ പുരി പറഞ്ഞു. വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് യു.എ.ഇ ഉറപ്പുനൽകിയതായും കോൺസുൽ ജനറൽ കൂട്ടിച്ചേർത്തു.
യാത്രാവിലക്ക് നീക്കുന്ന കാര്യവും യു.എ.ഇ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. വാക്സിനെടുത്തവരെയെങ്കിലും ഉടൻ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലോകം ഒന്നാകെ പ്രതിസന്ധി നേരിടുമ്പോൾ യു.എ.ഇ സ്വീകരിക്കുന്ന നയങ്ങൾ സ്വാഗതാർഹമാണ്. അതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ട്. എങ്കിലും, പരിമിതികൾക്കുള്ളിൽ നിന്ന് സാധ്യമായതതെല്ലാം ചെയ്യുന്നുണ്ടെന്നും കോൺസുൽ ജനറൽ പ്രതികരിച്ചു.