മഴയിൽ റോഡുകള്‍ വെള്ളത്തിലായതിൽ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് അധികൃതർ
മഴയെത്തുടർന്ന് അടച്ച റോഡുകളിൽ ഭൂരിഭാഗവും തുറന്നുകൊടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Update: 2022-11-12 19:06 GMT
കുവൈത്ത് സിറ്റി: മഴയെത്തുടർന്ന് രാജ്യത്തെ പ്രധാന റോഡുകള്‍ വെള്ളത്തിലായ പശ്ചാത്തലത്തിൽ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബു ഖാമാസ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ടായ അപകടങ്ങളുടെ വിവരങ്ങൾ അടിയന്തിരമായി കൈമാറാൻ അധികൃതര്‍ക്ക് മന്ത്രി നിർദേശം നല്‍കി.
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് തെളിയുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡോ. അമാനി മുന്നറിയിപ്പ് നൽകി. എല്ലാ വര്‍ഷങ്ങളിലും മഴക്കാലത്ത് റോഡുകളില്‍ ജലം കെട്ടിക്കിടക്കുന്നതിന്റെ കാരണം അന്വേഷിച്ച മന്ത്രി അശ്രദ്ധ കാണിച്ച കരാറുകാരുടെ ലിസ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ മഴയെത്തുടർന്ന് അടച്ച റോഡുകളിൽ ഭൂരിഭാഗവും തുറന്നുകൊടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.