ദുബൈ ലോകകപ്പ് കുതിരയോട്ടം നാളെ; വിജയിക്ക് സമ്മാനത്തുക 1.2 കോടി ഡോളർ
ദുബൈ മെയ്ദാൻ റേസ് കോഴ്സിൽ രാത്രിയിലാണ് മത്സരം.
ദുബൈ ലോകകപ്പ് കുതിരയോട്ട മൽസരം നാളെ നടക്കും. ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മൽസരമാണിത്. ഫൈനൽ ജേതാവിന് നൽകുന്ന 1.2 കോടി ഡോളർ ഉൾപ്പെടെ 30.5 ദശലക്ഷം ഡോളറാണ് മൊത്തം സമ്മാനത്തുക. 20 രാജ്യങ്ങളിലെ പന്തയ കുതിരകളാണ് വിവിധ മത്സരങ്ങളിലായി ട്രാക്കിലിറങ്ങുന്നത്.
ദുബൈ മെയ്ദാൻ റേസ് കോഴ്സിൽ രാത്രിയിലാണ് മത്സരം. യു.എ.ഇ രാജകുടുംബാംഗങ്ങളുടെ കുതിരകളും മാറ്റുരക്കാനുണ്ടാകും. 80,000 കാണികൾ ഗാലറിയിലെത്തുമെന്നാണ് കണക്ക്.
വൈകുന്നേരം 3.45 മുതൽ ഒമ്പത് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും. പത്ത് ലക്ഷം ഡോളർ മുതൽ 60 ലക്ഷം ഡോളർ വരെ സമ്മാനമുളളതാണ് ഓരോ റൗണ്ടും. ഒമ്പത് തവണ കപ്പ് നേടിയ ഗൊഡോൾഫിന്‍റെ സഈദ് ബിൻ സുറൂറാണ് ഇതുവരെ ഏറ്റവും കൂടുതൽ ജേതാവായ പരിശീലകൻ. നാല് തവണ കിരീടത്തിലേക്ക് കുതിച്ചെത്തിയ ജെറി ബെയ്ലിയാണ് കൂടുതൽ തവണ ഒന്നാമതെത്തിയ ജോക്കി.
ഇത്തവണ കിരീട പ്രതീക്ഷയിൽ മുമ്പൻ അമേരിക്കയുടെ ലൈ ഈസ് ഗുഡാണ്. ഹോട്ട് റോഡ് ചാർലി, കൺട്രി ഗ്രാമർ എന്നിവരും പ്രതീക്ഷയിലാണ്. കുതിരപ്പന്തയം ആസ്വാദിക്കാൻ അമ്പത് ദിർഹമാണ് ടിക്കറ്റ് നിരക്ക്. മൽസരം നടക്കുന്നതിനാൽ നാളെ രാത്രി 12 വരെ മൈതാൻ മേഖലയിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ആർ.ടി എ അറിയിച്ചു. ലോകകപ്പ് ആസ്വദിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രമുഖരെ ദുബൈ ഭരണാധികാരിയും കിരീടാവകാശിയും ചേർന്ന് സ്വീകരിച്ചു.