കുവൈത്തില്‍ 70 ശതമാനം പേർ വാക്സിനെടുത്തു
കുവൈത്തിൽ കോവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണവിധേയമായതായാണ് ഭരണകൂടത്തിന്‍റെ വിലയിരുത്തൽ
കുവൈത്തില്‍ മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്വബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കുറക്കുന്നതിൽ വാക്‌സിനേഷന്‍ കാമ്പയിൻ നിര്‍ണായക പങ്കുവഹിച്ചതായാണ് അധികൃതരുടെ വിലയിരുത്തൽ.
കുവൈത്തിൽ കോവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണവിധേയമായതായാണ് ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. 3,771 ആക്റ്റീവ് കേസുകൾ മാത്രമാണ് രാജ്യത്തുള്ളത്. ഇതിൽ 400ൽ താഴെ പേർ മാത്രമാണ് കോവിഡ് വാർഡുകളിലും ഐസിയുകളിലുമായി ചികിത്സയിലുള്ളത്. ടിപിആർ 1.39 ആയി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്കിലുള്ള വർധനയും ആശ്വാസം പകരുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം കൈക്കൊണ്ട നടപടികൾ വിജയകരമായതായാണ് വിലയിരുത്തൽ. ഇതോടൊപ്പം വാക്സിനേഷൻ കാമ്പയിൻ ഊർജ്ജിതമാക്കിയതും രോഗവ്യാപനം തടഞ്ഞുനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുകയാണ്.
അതിനിടെ, ആസ്ട്ര സെനക വാക്സിൻ രണ്ടു ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആദ്യ ഡോസ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് നിലവിൽ സെക്കൻഡ് ഡോസ് നൽകുന്നത്. ഇത് ആറ് ആഴ്ചയാക്കി കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. ഒരു ദശലക്ഷം വാക്സിൻ ഡോസുകൾ കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയിരുന്നു.