ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെ: കുവൈത്തില്‍ കോവിഡ് നിയന്ത്രണവിധേയം
ജാഗ്രത കൈവെടിയാനുള്ള സമയം ആയിട്ടില്ലെന്നും സാമൂഹിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ
കുവൈത്തിൽ കോവിഡ് നിയന്ത്രണ വിധേയമാകുന്നതായി വിലയിരുത്തൽ. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ താഴെ എത്തി. കോവിഡ് ചികിത്സക്കായി സജ്ജമാക്കിയ വാർഡുകളിൽ പലതും തിരികെ മെഡിക്കൽ വാർഡുകളാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലം കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മരണ നിരക്കിലും കുറവ് പ്രകടമാണ്. 1.89 ശതമാനം ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ടിപിആർ. പ്രതിദിന കേസുകൾ ഗണ്യമായി കുറഞ്ഞതോടെ കോവിഡ് വാർഡുകളിലും തീവ്ര പരിചരണ വിഭാഗത്തിൽ ആളൊഴിഞ്ഞു തുടങ്ങി. രാജ്യത്തെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ ജാബിർ ആശുപത്രിയിൽ മൂന്നു കോവിഡ് ഐസിയു വാർഡുകൾ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് രോഗികളായ കുട്ടികളെ പ്രവേശിപ്പിച്ചിരുന്ന വാർഡിൽ ഇപ്പോൾ രോഗികൾ ആരും ഇല്ല.
ഏറ്റവും ഒടുവിലായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം കോവിഡ് വാർഡുകളിൽ 340 പേരും തീവ്ര പരിചരണ വിഭാഗത്തിൽ 173 പേരും മാത്രമാണ് ചികിത്സയിൽ ഉള്ളത്. രോഗമുക്തിയുടെ കാര്യത്തിലും ആഗോളതലത്തിൽ ഏറെ മുന്നിലാണ് കുവൈത്ത്. അതേസമയം ജാഗ്രത കൈവെടിയാനുള്ള സമയം ആയിട്ടില്ലെന്നും സാമൂഹിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.