കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി കൂടുതല്‍ എളുപ്പമാകും

Update: 2022-07-08 01:30 GMT
Advertising

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി കൂടുതല്‍ എളുപ്പമാകും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകീകൃത മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹല്‍ വഴി ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനാകുമെന്ന് സഹല്‍ വക്താവ് യൂസഫ് അല്‍ കാസിം പറഞ്ഞു. ലൈസന്‍സ് പുതുക്കുന്നതിനും നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ലൈസന്‍സിന് പകരം നേടുന്നതിനും ആപ്ലിക്കേഷനില്‍ പ്രത്യേക വിന്‍ഡോകള്‍ സജ്ജീകരിക്കും.

പൗരന്മാര്‍ക്കും വിദേശികളായ താമസക്കാര്‍ക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ മൊബൈല്‍ ആപ്പിലൂടെ ഇതിനായി അപേക്ഷകള്‍ നല്‍കാവുന്നതാണ്. ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഈ പുതിയ സേവനങ്ങള്‍ സഹല്‍ ഉപയോക്താക്കള്‍ക്ക് പ്രയത്‌നവും സമയവും ലാഭിക്കാന്‍ സഹായിക്കുമെന്ന് യൂസഫ് അല്‍ കാസിം പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് സര്‍ക്കാര്‍ സേവനകള്‍ക്കായുള്ള സഹല്‍ ഏകജാലക ആപ്പില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സേവനം ലഭ്യമാക്കിയത്. ഗതാഗത വകുപ്പിലേക്ക് അടയ്‌ക്കേണ്ട ട്രാഫിക് പിഴയും താമസകാര്യ വകുപ്പിലേക്കുള്ള വിസ, ഇഖാമ പിഴകളും അടക്കാനുള്ള സൗകര്യവും സഹല്‍ ആപ്പിള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇ-ഗവേണ്‍സ് സേവനങ്ങള്‍ മെച്ചപ്പെടുര്‍ത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹല്‍ ആപ്ലിക്കേഷനില്‍ ഇതിനോടകം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിരവധി സേവനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News