കനത്ത മഴ; കുവൈത്തിൽ പലയിടത്തും വെള്ളക്കെട്ട്
അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും എന്നാല്‍ ചില ഭാഗങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കുവൈത്തില്‍ ചൊവാഴ്ച ഉണ്ടായ കനത്ത മഴയില്‍ രാജ്യത്തെ പല റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇടിമിന്നലോട് കൂടിയ മഴയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടിട്ടുണ്ട്.
കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം ശരിവെച്ച് ചൊവാഴ്ച കുവൈത്തില്‍ മഴ തിമര്‍ത്തു പെയ്തു . രണ്ട് ദിവസമായി പെയ്ത മഴയില്‍ ശക്തമായ ഇടിമിന്നലും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. അഹമ്മദി തുറമുഖത്ത് 63 മില്ലീമീറ്ററും കുവൈറ്റ് സിറ്റിയിൽ 17.7 മില്ലീമീറ്ററും കുവൈറ്റ് എയർപോർട്ടിൽ 12.5 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. വെള്ളക്കെട്ടുകളുള്ള റോഡിലേക്ക് പ്രവേശനം വിലക്കി ഗതാഗതം നിയന്ത്രിച്ചിരുന്നതിനാല്‍ അത്യാഹിതങ്ങള്‍ ഒഴിവായി.
അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും എന്നാല്‍ ചില ഭാഗങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാല്‍ അന്തരീക്ഷ താപനില എട്ട് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസായി താഴുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാഖി പറഞ്ഞു. ഈർപ്പമുള്ള അന്തരീക്ഷവും താഴ്ന്ന മർദ്ദമാണ് തുടർച്ചയായ മഴയ്ക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.