അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്

രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസാനുമതി രേഖ സാധുതയുള്ളതാക്കാം

Update: 2024-03-14 18:52 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയായിരിക്കും പൊതുമാപ്പ് കാലാവധി. ഇത് സംബന്ധമായ സര്‍ക്കുലര്‍ ഉപപ്രധാനമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് പുറപ്പെടുവിച്ചു.

പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാവുന്നതാണ്. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസാനുമതി രേഖ സാധുതയുള്ളതാക്കാം. പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകും. പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചുവരാനും കഴിയില്ല.

കുവൈത്തില്‍ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. 2018 ജനുവരിയിലാണ് കുവൈത്തില്‍ അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്. നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ അവസരങ്ങള്‍ നല്‍കിയിട്ടും ഭൂരിപക്ഷം പേരും പ്രയോജനപ്പെടുത്തിയിരുന്നില്ല.

നിയമ ലംഘകരില്‍ ഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ തന്നെ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ ജുഡീഷ്യല്‍ നടപടികള്‍ നേരിടുന്നവര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സിന് അപേക്ഷ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News