കുവൈത്ത് നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പ്; അഹമ്മദ് അൽ സദൂൻ സ്പീക്കർ സ്ഥാനാർഥി

മന്ത്രിസഭ രണ്ടാഴ്ചക്കുള്ളിൽ

Update: 2022-10-02 08:31 GMT
Advertising

കുവൈത്തിൽ നാഷണൽ അസംബ്ലിയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ പുതിയ സർക്കാർ രുപീകരണത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. പതിനേഴാം പാർലിമെന്റിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രമുഖ പ്രതിപക്ഷ നേതാവ് അഹമ്മദ് അൽ സഅദൂൻ പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സർക്കാർ അധികാരമേൽകുമെന്നാണ് സൂചന.

മൂന്നാം മണ്ഡലത്തിൽനിന്ന് റെക്കോർഡ് വോട്ടോടെയാണ് 87കാരനായ അഹമ്മദ് അൽ സഅദൂൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. രാജ്യത്തെ ജനങ്ങൾ നൽകിയ വിശ്വാസമാണ് തനിക്ക് പ്രചോദനമെന്നും മികച്ച വിജയം നൽകിയ എല്ലാവരോടും നന്ദി പറയുന്നതായും അഹമ്മദ് അൽ സദൂൻ പറഞ്ഞു.

നേരത്തെ രണ്ട് തവണ പാർലിമെന്റ് സ്പീക്കറായിട്ടുണ്ട് അൽ സദൂൻ. പ്രതിപക്ഷ എംപിമാർ സഹകരണം വാഗ്ദാനം ചെയ്ത സാഹചര്യത്തിൽ അഹ്‌മദ് സഅദൂൻ മജ്‌ലിസ് അൽ ഉമ്മയിൽ അധ്യക്ഷ പദവിയിലെത്തുമെന്നാണ് സൂചന. രാഷ്ട്രീയസ്ഥിരത വീണ്ടെടുക്കാൻ ശ്രമിക്കുന്ന കുവൈത്തിൽ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ ദേശീയ അസംബ്ലിയെ നോക്കികാണുന്നത്. 16 പുതുമുഖങ്ങളാണ് പുതിയ സഭയിലുള്ളത്. കഴിഞ്ഞ സഭയിലെ 23 അംഗങ്ങളും 11 മുൻ എം.പിമാരും വിജയിച്ചവരിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ രാജ്യത്ത് 10 പൊതുതെരഞ്ഞെടുപ്പുകളാണ് നടന്നത്. ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ യുവാക്കളുടെയും പ്രഫഷനലുകളുടെയും സാന്നിധ്യം കൂടുതലായാതോടെ സുസ്ഥിരമായ പാർലിമെന്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും പൊതുജനങ്ങളും. അതിനിടെ രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ക്രിയാത്മക പദ്ധതികൾ നടപ്പാക്കുന്നിടത്തോളം കാലം പ്രധാനമന്ത്രിയുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ എം.പിമാർ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News