കുവൈത്ത് ജനസംഖ്യ 48.6 ലക്ഷം; ഭൂരിപക്ഷവും പ്രവാസികള്‍
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്
കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യ 4.86 ദശലക്ഷം കടന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കനുസരിച്ച് 4,860,000 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 1,546,000 കുവൈത്തികളും 3,313,000 വിദേശികളുമാണ്. 31.82 ശതമാനം സ്വദേശികളും 68.18 ശതമാനം പ്രവാസികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം.
എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനവുണ്ടായിട്ടും കുവൈത്തികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 32 ശതമാനമായിരുന്നു സ്വദേശി ജനസംഖ്യ. ഒരു വര്‍ഷത്തിനുള്ളില്‍ 94,000 പ്രവാസികളാണ് കുവൈത്തിലെത്തിയത്.
2014 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ പ്രവാസി ജനസംഖ്യയില്‍ 1.8 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതിനിടെ രാജ്യത്തെ കുവൈത്തി പൗരന്‍മാരില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ വര്‍ധിച്ചു. 758,900 സ്വദേശി പുരുഷന്മാരും, 787,300 സ്ത്രീകളാണ് കുവൈത്തിലുള്ളത്.