കുവൈത്ത് റാഫിൾ ഡ്രോ അഴിമതി: ഈജിപ്ഷ്യൻ ദമ്പതിമാരടക്കം മൂന്നുപേർ അറസ്റ്റിൽ
ദമ്പതിമാർ നിയമവിരുദ്ധമായി നേടിയത് ഏഴ് വാഹനങ്ങൾ


കുവൈത്ത് സിറ്റി: കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ റാഫിൾ ഡ്രോ (യാ ഹാല റാഫിൾ ) അഴിമതിക്കേസിൽ ഈജിപ്ഷ്യൻ ദമ്പതിമാരടക്കം മൂന്നു പ്രധാന പ്രതികൾ അറസ്റ്റിൽ. അൽനജാത്ത് ചാരിറ്റി കമ്മിറ്റിയിലെ ജീവനക്കാരിയായ ഫാത്തിമ ഗമാൽ സാദ് ദിയാബും ഭർത്താവും ബാബൽ കുവൈത്ത് പ്രസ് കമ്പനിയിലെ ജീവനക്കാരനുമായ മുഹമ്മദ് അബ്ദുൽ സലാം മുഹമ്മദ് അൽ-ഗരാബ്ലിക്കും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ റാഫിൾ വകുപ്പ് മേധാവി അഹമ്മദ് മുഹമ്മദ് അൽഹമദുമാണ് പിടിയിലായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ഫാത്തിമ ഗമാലും ഭർത്താവ് മുഹമ്മദ് അബ്ദുൽ സലാമും പിടിയിലായത്. നിയമപരമായ അനുമതി നേടിയ ശേഷമാണ് സുരക്ഷാ സേന അഹമ്മദ് മുഹമ്മദ് അൽഹമദിനെ പിടികൂടിയത്.
ഈജിപ്ഷ്യൻ ദമ്പതിമാർ വിവിധ റാഫിളുകളിലായി ഏഴ് വാഹനങ്ങൾ നിയമവിരുദ്ധമായ രീതിയിൽ നേടിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അൽനജാത്ത് ചാരിറ്റി കമ്മിറ്റിയിലെ ജീവനക്കാരിയായ ഫാത്തിമ ഗമാൽ സാദ് ദിയാബ് തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് നിരവധി നറുക്കെടുപ്പുകളിൽ കൃത്രിമം നടത്തുകയും ആനുകൂല്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു. തട്ടിപ്പിലൂടെ അവർ തന്റെ പേരിൽ അഞ്ച് കാറുകളും ഭർത്താവിന്റെ പേരിൽ രണ്ട് കാറുകൾ നിയമവിരുദ്ധമായി അനുവദിക്കുകയായിരുന്നു.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ്, വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടിയത്. റാഫിൾ നറുക്കെടുപ്പിനിടെ ഒരു വ്യക്തി തട്ടിപ്പ് നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിപുല അന്വേഷണങ്ങളിലൂടെ, വീഡിയോയിലെ വ്യക്തി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ റാഫിൾ വകുപ്പ് മേധാവി അഹമ്മദ് മുഹമ്മദ് അൽ ഹമദ് ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞു. തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് അദ്ദേഹം റാഫിളുകളിൽ കൃത്രിമം കാണിച്ചതായും സാമ്പത്തിക നേട്ടങ്ങൾക്കായി പ്രത്യേക വ്യക്തികളുടെ വിജയം ഉറപ്പാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.