കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു

കൂടുതൽ പേർ സ്വദേശങ്ങളിലേക്കു മടങ്ങിയതും, ചില രാജ്യങ്ങളിലെ വിസ നടപടികൾ നിർത്തിവെച്ചതുമാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണം

Update: 2023-06-16 17:06 GMT
Advertising

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. കൂടുതൽ പേർ സ്വദേശങ്ങളിലേക്കു മടങ്ങിയതും, ചില രാജ്യങ്ങളിലെ വിസ നടപടികൾ നിർത്തിവെച്ചതുമാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണം. ഡൊമസ്റ്റിക് വിസ പ്രശ്നം രൂക്ഷമാണെന്നും തൊഴിലാളികൾക്ക് ആവശ്യം കൂടുന്നതിനാല്‍ വരും മാസങ്ങളില്‍ ഈ മേഖലയിലെ പ്രതിസന്ധി വര്‍ദ്ധിക്കുമെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ ഷമരി പറഞ്ഞു.

രാജ്യത്ത് പ്രതിവർഷം നാല് മുതല്‍ നാലര ലക്ഷം വരെ സ്ത്രീ ഗാർഹിക തൊഴിലാളികളും മൂന്നര ലക്ഷം പുരുഷ ഗാർഹിക തൊഴിലാളികളും ആവശ്യമാണ്. എന്നാല്‍ ആവശ്യത്തിന് വീട്ടുജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അൽ ഷമരി പറഞ്ഞു. പല തൊഴിലാളികളും നിലവിലെ കരാര്‍ പുതുക്കുവാന്‍ വിസമ്മതിക്കുകയാണ്.

കുറഞ്ഞ വേതനവും മോശമായ സമീപനവുമാണ് ജോലി വിടുവാന്‍ കാരണമാകുന്നത്. അതോടപ്പം മറ്റ് രാജ്യങ്ങള്‍ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നതും തൊഴിലാളികളെ അവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. എത്യോപ്യ,ഇന്തോനേഷ്യ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിയതും ഫിലിപ്പീൻസുകാര്‍ക്ക് വിസകള്‍ വിലക്കിയതും തൊഴിലാളി ക്ഷാമം കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. നിലവില്‍ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണ് ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് നടക്കുന്നത്. അതിനിടെ പ്രതിസന്ധി പരിഹരിക്കുവാന്‍ കൂടുതൽ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത് ശ്രമം തുടങ്ങിയതായും വാര്‍ത്തകളുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News