കുവൈത്തില്‍ സോഷ്യൽ മീഡിയ നിരീക്ഷണം കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം
രാജ്യത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് നിയമവും പൊതു ധാർമികതയും പാലിക്കുവാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സോഷ്യൽ മീഡിയ കര്‍ശനമായി നിരീക്ഷിക്കുവാന്‍ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. പൊതു ധാർമികത ലംഘിക്കുകയോ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സിവിൽ സർവീസുകാരെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഉദ്യോഗസ്ഥർക്കും സുരക്ഷാ സംവിധാനങ്ങൾക്കും തങ്ങളുടെ ഡ്യൂട്ടി ചെയ്യുമ്പോൾ അപകീർത്തികരമായ പരാമർശങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ നിയമ പ്രകാരം അർഹതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇലക്‌ട്രോണിക് ആൻഡ് സൈബർ ക്രൈം ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ തെളിവുകൾ ശേഖരിച്ചു വരികയാണ്. അതിനിടെ രാജ്യത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് നിയമവും പൊതു ധാർമികതയും പാലിക്കുവാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
പൊതുസമൂഹത്തിലും ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതും അവയെ അവഹേളേക്കുന്നതുമായ നടപടികൾക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. രാജ്യത്തിനകത്ത് നിന്നുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി തെറ്റായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകള്‍ കർശനമായി നിരീക്ഷിക്കുമെന്നും അധാർമികത പ്രചരിപ്പിക്കുന്ന സൈറ്റുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു