ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജര്‍ രേഖപ്പെടുത്തിയ ജീവനക്കാരെ പിടികൂടി
കുവൈത്തില്‍ വ്യാജ വിരലടയാളം പതിച്ച് കൃത്രിമം കാണിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അധികൃതര്‍. മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നൂറോളം ജീവനക്കാരെ കൃത്രിമ ഹാജര്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പിടികൂടിയത്.
വ്യാജ ഹാജര്‍ രേഖപ്പെടുത്തിയ കാലയളവിലെ ശമ്പളം തിരികെ പിടിക്കുമെന്നും പ്രതികള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നൂറോളം വരുന്ന സഹപ്രവര്‍ത്തകരുടെ ഹാജര്‍ പ്ലാസ്റ്റിക് നിര്‍മ്മിത വിരലടയാളം ഉപയോഗിച്ച് ഒരാളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരില്‍ പലരും ആ കാലയളവില്‍ ലഭിച്ച ശമ്പളം ട്രഷറിയില്‍ അടക്കാന്‍ സന്നദ്ധരായിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. നേരത്തെ വിവിധ സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാർ ഹാജർ രേഖപ്പെടുത്തിയ ശേഷം ജോലിസ്ഥലം വിടുകയും തുടർന്ന് ജോലി സമയം അവസാനിക്കുന്നതിന് തൊട്ടു മുൻപായി മടങ്ങി എത്തുന്നതായുമുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.